ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ രാജ്യത്തിനായി ആദ്യമായി മെഡല്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം ധിനിധി ദേശിംഗു. ബജാജ് ഫിന്‍സെര്‍വിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങിയ 16കാരിയായ താരം, വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
56.27 സെക്കന്‍ഡ് സമയമെടുത്താണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കന്‍ഡ്) സ്വര്‍ണവും, ന്യൂസിലന്‍ഡിന്റെ അലിസ ലോസണ് (56.13 സെക്കന്‍ഡ്) വെള്ളിയും കരസ്ഥമാക്കി.
ബെംഗളൂരുവില്‍ നിന്നുള്ള ധിനിധി ദേശിംഗു, യൂത്ത് ഒളിമ്പിക്സ് നീന്തല്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അഭിമാന നേട്ടവും സ്വന്തം പേരിലാക്കി. 2024ലെ പാരിസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു ഇവര്‍.
പ്രാരംഘത്തില് നീന്തലിനോട് ഭയമുണ്ടായിരുന്ന താരം, കഠിന പരിശ്രമത്തിലൂടെ ഇന്ന് രാജ്യത്തെ മുന്‍നിര നീന്തല്‍ താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. ഈ വര്‍ഷം മുതലാണ് ബജാജ് ഫിന്‍സെര്‍വ് താരത്തിന് ഔദ്യോഗിക പിന്തുണ നല്കിത്തുടങ്ങിയത്.
കായിക ഉപകരണങ്ങള്‍, പരിശീലനം, മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരങ്ങള്‍, ശാരീരികക്ഷമത, പരിക്കുകളില്‍ നിന്നുള്ള വീണ്ടെടുക്കല്‍ തുടങ്ങിയ വിവിധ മേഖലകളിലാണ് കമ്പനിയുടെ സഹായം ലഭ്യമാക്കുന്നത്. നീന്തല്‍, ബാഡ്മിന്റണ്‍, ടെന്നീസ് എന്നീ ഇനങ്ങളിലെ യുവപ്രതിഭകളെ ദീര്ഘകാലാടിത്തത്തില് സഹായിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ധിനിധിയും ഇടംനേടിയത്.
“ധിനിധിയുടെ ചരിത്രനേട്ടം ഇന്ത്യയുടെ അഭിമാന നിമിഷമാണെന്നും വലിയ സ്വപ്നങ്ങള്‍ കാണുന്ന യുവ കായികതാരങ്ങള്‍ക്ക് ഇത് പ്രചോദനമാകുമെന്നും” ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ് ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിങ് ഓഫീസറും ബജാജ് ഫിനാന്‍സ് ലിമിറ്റഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോംസ് പ്രസിഡന്റുമായ മാനവ് മിയാന്വാള് വ്യക്തമാക്കി. “വര്‍ഷങ്ങളുടെ കഠിനാധ്വാനവും ത്യാഗവും അസാധാരണമായ നിശ്ചയദാര്‍ഢ്യവുമാണ് ഈ മെഡല്‍ നേട്ടത്തിന് പിന്നിലെന്നും വ്യക്തിഗത മികവിനൊപ്പം കൂട്ടായ പിന്തുണ ലഭിച്ചാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകത്തിലെ മികച്ചവരോട് മത്സരിക്കാനാകുമെന്ന് ധിനിധിയുടെ നേട്ടം തെളിയിക്കുന്നതായും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പരിമിതമായ കായിക ഇനങ്ങള്‍ക്ക് മാത്രമാണ് വലിയ തോതില്‍ സാമ്പത്തിക പിന്തുണയും ശ്രദ്ധയും ലഭിക്കുന്നതെന്ന് കമ്പനി വിലയിരുത്തുന്നു. കരിയറിന്റെ തുടക്കത്തില്‍ തന്നെ താരങ്ങളെ കൈപിടിച്ചുയര്ത്തുന്നതിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും പരിശീലനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ധിനിധിക്ക് പുറമെ തമിഴ്നാട് ടെന്നീസ് അസോസിയേഷനുമായുള്ള സഹകരണത്തിലൂടെ ദിയ രമേഷ്, ദീപ്ശിഖ വിനയഗമൂര്ത്തി, സാവിത ഭുവനേശ്വരന്‍, ശ്രീ ശൈലേശ്വരി വെല്മണികണ്ഠന് തുടങ്ങിയ യുവ ടെന്നീസ് താരങ്ങള്‍ക്കും വിവിധ ബാഡ്മിന്റണ്‍ പ്രതിഭകള്‍ക്കും കമ്പനി സഹായം എത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

