കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വർണ്ണ വ്യാപാര രംഗത്ത് പണം ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് സമ്പൂർണ്ണ നിരോധനം. ഇനിമുതൽ സ്വർണ്ണത്തിന്റെ ക്രയവിക്രയങ്ങൾ ഡിജിറ്റൽ പണമിടപാടുകളിലൂടെ മാത്രമായിരിക്കണം.
ആഭരണ വ്യാപാരികൾ പണം നേരിട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കി, ഡിജിറ്റൽ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അജീൽ ഉത്തരവിറക്കി. പ്രത്യേക മേഖലകളിലെ പണമിടപാടുകൾ നിരോധിക്കുന്നത് സംബന്ധിച്ച 2025-ലെ 182-ാം നമ്പർ മന്ത്രിതല പ്രമേയത്തിന്റെ ഭാഗമായാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം.
സാമ്പത്തിക രംഗത്ത് സുതാര്യത വർദ്ധിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കൽ തടയുക, സാമ്പത്തിക മേൽനോട്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പുതിയ നിയന്ത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ഇനിമുതൽ എല്ലാ ഇടപാടുകളും കുവൈത്ത് സെൻട്രൽ ബാങ്ക് അംഗീകരിച്ച പണം ഒഴിവാക്കിയുള്ള (നോൺ-ക്യാഷ്) മാർഗ്ഗങ്ങളിലൂടെ മാത്രമായിരിക്കണം. ഇതിനായി സെൻട്രൽ ബാങ്കിന്റെ അംഗീകാരമുള്ള ഡിജിറ്റൽ പണക്കൈമാറ്റ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്നും പ്രോസിക്യൂഷൻ നടപടികൾക്കായി കേസ് കൈമാറുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റ് നിയമങ്ങൾ പ്രകാരമുള്ള പിഴകൾക്ക് പുറമെയായിരിക്കും ഈ നടപടികൾ.
ഈ നിർദ്ദേശത്തിലൂടെ, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത പ്രോത്സാഹിപ്പിക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ദേശീയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

