സംസ്ഥാനത്ത് വനം-വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനകീയ മുഖം നൽകാൻ ലക്ഷ്യമിട്ട് പ്രമുഖ നടന്മാരായ കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേരള വനം വകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാരായി നിയമിച്ചു. വനസംരക്ഷണ ബോധവൽക്കരണം, വകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രചാരണം എന്നിവയുൾപ്പെടെ ഏഴ് പ്രധാന പ്രവർത്തന മേഖലകളിലായിരിക്കും ഇരുവരും സഹകരിക്കുക.
ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം വനം വകുപ്പുമായി ചേർന്ന് ഇവർ നിർവഹിക്കേണ്ട ചുമതലകൾ താഴെ പറയുന്നവയാണ്: 1.
വനം – വന്യജീവി സംരക്ഷണ ബോധവൽക്കരണം: വനങ്ങൾ, വന്യജീവികൾ, ജൈവവൈവിധ്യം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് പൊതുപരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ ആശയവിനിമയ മാർഗങ്ങൾ എന്നിവയിലൂടെ ബോധവൽക്കരണം നടത്തുക. 2.
വനം വകുപ്പിന്റെ പദ്ധതികളുടെ പ്രചാരണം: വകുപ്പിന്റെ തിരഞ്ഞെടുത്ത പദ്ധതികൾ, പൊതുസേവനങ്ങൾ, സംരക്ഷണ കാംപെയ്നുകൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ പ്രചാരണത്തിന് പിന്തുണ നൽകുക. 3.
കുട്ടികളുമായും യുവജനങ്ങളുമായും ഇടപെടൽ: വിദ്യാഭ്യാസ പരിപാടികൾ, സംവേദനാത്മക സംവാദങ്ങൾ, പ്രകൃതിപഠന ക്യാമ്പുകൾ, യുവജനങ്ങൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ കുട്ടികളിലും വിദ്യാർത്ഥികളിലും യുവാക്കളിലും പ്രകൃതിയോടുള്ള താൽപര്യം വളർത്തുക. 4.
സാമൂഹ്യ മാധ്യമങ്ങളും പൊതുജന ആശയവിനിമയവും: വകുപ്പിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ സ്ഥിരീകരിച്ച സംരക്ഷണ സന്ദേശങ്ങൾ, ബോധവൽക്കരണ വീഡിയോകൾ, വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ പങ്കുവയ്ക്കുക. 5.
സർഗാത്മകവും സാംസ്കാരികവുമായ പ്രചാരണം: സിനിമ എന്ന മാധ്യമം പ്രയോജനപ്പെടുത്തി വനം – വന്യജീവി സംരക്ഷണ സന്ദേശങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിക്കുന്ന നൂതന ആശയവിനിമയ രീതികൾ വികസിപ്പിക്കുക. 6.
സമൂഹ പങ്കാളിത്തവും മനുഷ്യ – വന്യജീവി സഹവർത്തിത്വവും: വന്യജീവികളോട് ഉത്തരവാദിത്തപരമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, വനാശ്രിത സമൂഹങ്ങളോട് ആദരവ് പുലർത്തുക, വന്യജീവികളുമായുള്ള ഏറ്റുമുട്ടലുകൾ ഉണ്ടാകുമ്പോൾ സുരക്ഷിതമായി പ്രതികരിക്കേണ്ട രീതികളെക്കുറിച്ച് ബോധവൽക്കരണം നടത്തുക, സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുക.
7. പ്രകൃതിപഠനവും പരിസ്ഥിതി സാക്ഷരതയും: ആവാസവ്യവസ്ഥകൾ, ജൈവവൈവിധ്യം, പാരിസ്ഥിതിക പരസ്പരബന്ധങ്ങൾ, സുസ്ഥിരമായ സഹവർത്തിത്വത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുജനങ്ങളുടെ അറിവ് വർധിപ്പിക്കുന്ന പരിപാടികൾക്ക് പിന്തുണ നൽകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

