വാഷിങ്ടൻ∙ വിമാനം തകർക്കാൻ ശ്രമിക്കുകയും കോക്ക്പിറ്റിൽ വച്ച് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ കുത്തിപരുക്കേൽപിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമിയുടെ (29) നിർണായക മൊഴി പുറത്തുവന്നു. വിമാനം തകർക്കാനാണ് താൻ ആഗ്രഹിച്ചതെന്നും മരണത്തെ യാതൊരു വിധത്തിലും ഭയമില്ലെന്നും ഹമ്മാമി അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതായി ‘വാൾസ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് ഹമ്മാമിയെ യുഎഇയിൽ കർശനമായ ചോദ്യം ചെയ്യലിന് വിധേയനാക്കിവരികയാണ്. വിമാനം ബുധനാഴ്ച സൗദി അറേബ്യയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ സൗദി സുരക്ഷാ അധികൃതരും ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു.
തീവ്ര മതനിലപാടുകൾ സ്വീകരിച്ചിരുന്നതിന്റെ പേരിൽ ഒമാൻ അധികൃതർ ഇയാൾക്ക് വിമാനം പറത്തുന്നതിന് നേരത്തേ വിലക്കേർപ്പെടുത്തിയിരുന്നതായി സൂചനകളുണ്ട്. ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തീവ്രവാദ സ്വഭാവമുള്ള നിലപാടുകൾ വിശദീകരിക്കുന്ന പോസ്റ്റുകൾ ഉണ്ടായിരുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഹമ്മാമിയുടെ പിതാവ് ഒമാൻ സ്വദേശിയും മാതാവ് സിറിയൻ പൗരയുമാണ്. ദുബായിലായിരുന്നു ഇയാളുടെ താമസം.
എന്നാൽ ഈ പൈലറ്റ് എങ്ങനെയാണ് തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായത് എന്നത് സംബന്ധിച്ച് അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിറിയൻ ബന്ധം കേന്ദ്രീകരിച്ചാണ് നിലവിലെ പ്രധാന അന്വേഷണം പുരോഗമിക്കുന്നത്.
ആഭ്യന്തരയുദ്ധം നടക്കുന്ന സമയത്ത് ഇയാൾ കുറച്ചുകാലം സിറിയയിൽ ചെലവഴിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. സിറിയയിൽ കഴിഞ്ഞിരുന്ന സമയത്തായിരിക്കാം ഇയാൾ തീവ്രവാദ ആശയങ്ങളുടെ സ്വാധീനത്തിലായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

