ഡൽഹി: രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു കശ്മീരിനെ 167 റണ്‍സിന് പരാജയപ്പെടുത്തി റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി കപ്പ് സ്വന്തമാക്കി. പേസര്‍മാരായ മുകേഷ് കുമാറിന്റെയും ആകാശ് ദീപിന്റെയും തകര്‍പ്പന്‍ ബോളിംഗ് പ്രകടനത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ജമ്മു കശ്മീരിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 111 റണ്‍സിന് അവസാനിക്കുകയായിരുന്നു.
വിജയത്തിനായി 279 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ജമ്മു കശ്മീരിന് സമനില നേടിയാല്‍ പോലും ആദ്യ ഇന്നിംഗ്സിലെ 41 റണ്‍സ് ലീഡിന്റെ കരുത്തില്‍ കിരീടം നേടാമായിരുന്നു. മത്സരത്തില്‍ ഉച്ചഭക്ഷണത്തിന് ശേഷം 22 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവര്‍ക്ക് അവസാന ഏഴ് വിക്കറ്റുകളും നഷ്ടമായത്.
മുകേഷ് കുമാര്‍ 33 റണ്‍സ് വഴങ്ങി 6 വിക്കറ്റും, ആകാശ് ദീപ് 25 റണ്‍സ് വഴങ്ങി 3 വിക്കറ്റും വീഴ്ത്തി. ഈ വിജയത്തോടെ റെസ്റ്റ് ഓഫ് ഇന്ത്യ തങ്ങളുടെ 31-ാം ഇറാനി കപ്പ് കിരീടമാണ് സ്വന്തമാക്കിയത്.
അവസാന അഞ്ച് സീസണുകളില്‍ അവരുടെ മൂന്നാമത്തെ കിരീട നേട്ടമാണിത്.
രണ്ടാം ഇന്നിംഗ്സില്‍ ശുഭം ഖജൂരിയയും ഖമ്രാന്‍ ഇഖ്ബാലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇവര്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇഖ്ബാലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആകാശ് ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ 15-ാം ഓവറില്‍ മുകേഷ് കുമാര്‍ ഇരട്ട
പ്രഹരമേല്‍പ്പിച്ചു. ശുഭം പന്ദിറിനെ എല്ബിഡബ്ല്യുവാക്കിയ അദ്ദേഹം, ജമ്മു കശ്മീരിന്റെ ക്യാപ്റ്റന്‍ പരസ് ഡോഗ്രയെ ക്ലീന്‍ ബൗള്‍ഡുമാക്കിയതോടെ ആതിഥേയര്‍ 3 വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലായി.
ഉച്ചഭക്ഷണ സമയത്ത് 3 വിക്കറ്റിന് 89 റണ്‍സ് എന്ന നിലയിലായിരുന്ന ജമ്മു കശ്മീരിന് പക്ഷെ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ ഖജൂരിയയുടെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ടീമിന്റെ തകര്‍ച്ച വേഗത്തിലായി.
കനയ്യ വാധ്വാനിയെയും പിന്നീട് അഭിനവ് മുഷ്താഖ്, ഉമര്‍ നസീര്‍, സുനില്‍ കുമാര്‍ എന്നിവരെയും പുറത്താക്കിയ മുകേഷ് കുമാര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 11-ാം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആകാശ് ദീപ് സാഹില്‍ ലോത്രയെയും പുറത്താക്കിയതോടെ ജമ്മു കശ്മീരിന്റെ ഇന്നിംഗ്സ് 28.4 ഓവറില്‍ അവസാനിച്ചു.
നേരത്തെ, 8 വിക്കറ്റിന് 306 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ 319 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 68 റണ്‍സ് നേടിയ സ്മരണ്‍, രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സെടുത്ത് ടോപ് സ്കോററാവുകയും ചെയ്തു.
സ്മരണും മുകേഷ് ചൗധരിയും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീം സ്കോര്‍ ഉയര്‍ത്തി. ആദ്യ ഇന്നിംഗ്സില്‍ 237 റണ്‍സിന് പുറത്തായ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് എതിരെ ജമ്മു കശ്മീര്‍ 278 റണ്‍സ് നേടി ലീഡ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ സ്മരണിന്റെ രണ്ടാം ഇന്നിംഗ്സ് സെഞ്ചുറിയുടെ ബലത്തില്‍ തിരിച്ചടിച്ച റെസ്റ്റ് ഓഫ് ഇന്ത്യ എതിരാളികള്‍ക്ക് മറികടക്കാനാവാത്ത വിജയലക്ഷ്യം ഒരുക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

