ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രശസ്തനായ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു (94) വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ ശൈലിയിലൂടെ ഇന്ത്യൻ സിനിമയിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം ആദ്യമായി അവതരിപ്പിച്ച സയൻസ് ഫിക്ഷൻ കോമഡി ചിത്രമായ ‘ആദിത്യ 369’, ഫാന്റസി-ഫോക്ലോര് വിഭാഗത്തിൽ ശ്രദ്ധേയമായ ‘ഭൈരവ ദ്വീപം’, ഒട്ടും സംഭാഷണങ്ങളില്ലാതെ പുറത്തിറങ്ങിയ വിഖ്യാത ചിത്രം ‘പുഷ്പക വിമാനം’ തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക് ചലച്ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്കും ഇന്ത്യൻ സിനിമാപ്രേമികൾക്കും സമ്മാനിച്ചിട്ടുണ്ട്.
നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ തന്നെ പേരിൽ പുറത്തിറങ്ങിയ ‘സിംഗീതം’ എന്ന ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. തന്റെ 94-ാം വയസ്സിലും സിനിമ സംവിധാനം ചെയ്യാൻ കാണിച്ച ആത്മവിദ്യാസം സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തിരുന്നു.

