തിരുവനന്തപുരം നഗരത്തിൽ വിപുലമായി നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് പിന്നാലെ റോഡുകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നഗരസഭയുടെ ശുചീകരണ വിഭാഗം അടിയന്തര നടപടികൾ സ്വീകരിച്ചു. ആഘോഷ പരിപാടികൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ പ്രധാന വീഥികളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ തൊഴിലാളികളുടെ പ്രത്യേക സംഘം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന വഴികളിലാണ് മാലിന്യങ്ങൾ ഏറ്റവും കൂടുതൽ അടിഞ്ഞുകൂടിയിരുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ, കടലാസ് കഷണങ്ങൾ, പ്ലേറ്റുകൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനായി പ്രത്യേക വാഹനങ്ങളും ശുചീകരണ സംഘത്തെയും സജ്ജമാക്കിയിരുന്നു. ഏഴ് മണിയോടെ കിഴക്കേകോട്ടയിൽ ശോഭായാത്ര സമാപിച്ചപ്പോഴേക്കും സ്റ്റാച്ച്യു മുതൽ ആയുർവേദ കോളേജ് വരെയുള്ള ഭാഗങ്ങളിൽ ശുചീകരണ നടപടികൾ പൂർത്തിയാക്കിയിരുന്നു.
എംജി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന ബിസ്കറ്റ് കവറുകൾ, ഐസ്ക്രീം കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, വാഴയിലകൾ തുടങ്ങിയവ സമയബന്ധിതമായിത്തന്നെ തൊഴിലാളികൾ ശേഖരിച്ചു.
ഇങ്ങനെ ശേഖരിച്ച അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും ശാസ്ത്രീയമായി തരംതിരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് കൈമാറാനാണ് നഗരസഭയുടെ തീരുമാനം. ഗതാഗതത്തിന് തടസ്സമില്ലാത്ത വിധം ചുരുങ്ങിയ സമയം കൊണ്ട് നഗരത്തിലെ ശുചിത്വം ഉറപ്പാക്കാൻ സാധിച്ച ജീവനക്കാരുടെ പ്രവർത്തനങ്ങളെ നഗരവാസികൾ അഭിനന്ദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

