സ്മാർട്ട്ഫോണുകളിൽ ദീർഘനേരം ലേഖനങ്ങൾ വായിക്കുന്നത് പലപ്പോഴും കണ്ണുകൾക്ക് ആയാസമുണ്ടാക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഗൂഗിൾ ക്രോം (Chrome) ബ്രൗസറിൽ പുതിയൊരു സൗകര്യം ലഭ്യമായിരിക്കുന്നു.
സ്ക്രീനിൽ നോക്കിയിരിക്കാതെ തന്നെ വലിയ ലേഖനങ്ങൾ കേട്ട് മനസ്സിലാക്കാൻ സഹായിക്കുന്ന ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡ് ഡിവൈസുകളിലെ ക്രോം ആപ്പിലാണ് ലഭ്യമായിട്ടുള്ളത്. ലേഖന താളിലെ മൂന്ന് ഡോട്ടുകളുള്ള മെനു ഐക്കണിൽ ടാപ്പ് ചെയ്ത് ‘Listen to this page’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക വഴി ഈ സേവനം ഉപയോഗപ്പെടുത്താം.
ഇതിനായി മറ്റ് ആപ്പുകളൊന്നും ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് രണ്ട് വ്യത്യസ്ത രീതികളിൽ ലേഖനങ്ങൾ ആസ്വദിക്കാനാകും.
കൃത്യമായി എഴുതിയിരിക്കുന്ന വരികൾ അതേപടി വായിക്കുന്ന സ്റ്റാൻഡേർഡ് പ്ലേബാക്ക് (Standard playback) രീതിയും, ഉള്ളടക്കം ഒരു പോഡ്കാസ്റ്റ് സംഭാഷണം പോലെ മാറ്റിയെടുക്കുന്ന എഐ പ്ലേബാക്ക് (AI playback) രീതിയും ഇതിലുണ്ട്. താഴെ ഇടതുവശത്തുള്ള വേവ്ഫോം ഐക്കൺ ഉപയോഗിച്ച് ഈ മോഡുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ സാധിക്കും.
ഓഡിയോ പ്ലേ ചെയ്യുമ്പോൾ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൂടാതെ പത്ത് സെക്കൻഡ് മുന്നോട്ടോ പിന്നോട്ടോ സ്കിപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
സ്റ്റാൻഡേർഡ് പ്ലേബാക്കിൽ ശബ്ദം മാറ്റാനുള്ള ക്രമീകരണങ്ങളും വരികൾ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്ത് നീങ്ങുന്ന ‘Highlight text & auto scroll’ ഫീച്ചറും ഉപയോഗപ്പെടുത്താം. ഫോൺ ലോക്ക് ചെയ്തിരിക്കുമ്പോഴും മറ്റ് ടാബുകൾ ഉപയോഗിക്കുമ്പോഴും പ്ലേബാക്ക് തടസ്സപ്പെടില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
വീട്ടുജോലികൾ ചെയ്യുമ്പോഴോ മറ്റ് കാര്യങ്ങളിൽ ഏർപ്പെടുമ്പോഴോ സ്ക്രീനിൽ നോക്കാതെ തന്നെ വലിയ ലേഖനങ്ങൾ കേട്ട് തീർക്കാൻ ഈ സംവിധാനം ഏറെ സഹായകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

