തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റിയുള്ള തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം രംഗത്ത്. പേരുമാറ്റം കേവലം ക്ലിനിക്കൽ അന്ധതയാണെന്നാണ് സംഘടനയുടെ ഔദ്യോഗിക പ്രതികരണം.
സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ഇത്തരം പേരുമാറ്റങ്ങൾ കൊണ്ട് മാത്രം നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്ന് സംഘടന വ്യക്തമാക്കി. പല കേന്ദ്രങ്ങളിലും ഇപ്പോഴും പഴയകാല കെട്ടിടങ്ങളാണ് ഉള്ളതെന്നും ആവശ്യത്തിന് ജീവനക്കാരുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടി.
ആശയപരമായി തന്നെ നിലവിലെ പേരുമാറ്റം തെറ്റാണെന്നും, ഒരു മാറ്റം അനിവാര്യമാണെങ്കിൽ അത് ശാസ്ത്രീയ കൃത്യതയുള്ള പേരുകളിലേക്കായിരിക്കണം എന്നും സംഘടന കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്നറിയപ്പെടുമെന്നാണ് മന്ത്രി അറിയിച്ചത്. അതേസമയം, സംസ്ഥാനത്തെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ വ്യാപകമായി മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത നിരീക്ഷണം നടത്തിയിരുന്നു.
ആശുപത്രികളിൽ കഴിയുന്ന രോഗികൾ തടവറകളിലെന്ന പോലെയാണ് കഴിയുന്നതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. മരുന്ന് നൽകി രോഗികളെ എപ്പോഴും ഉറക്കിക്കിടത്തുകയല്ല വേണ്ടത്.
ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നത് ലജ്ജാകരമാണെന്നും കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്ഥാപനങ്ങളിൽ മതിയായ ജീവനക്കാരെ നിയമിക്കണമെന്നും, ചുറ്റുമതിൽ കൃത്യമായി നിർമ്മിക്കണമെന്നും, ആവശ്യത്തിന് മരുന്നുകൾ ഉറപ്പാക്കണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി. അതേസമയം, മാനസിക ആരോഗ്യ കേന്ദ്രങ്ങൾ വെൽനെസ്സ് സെന്ററുകളാക്കാനുള്ള സർക്കാർ തീരുമാനം കോടതി സ്വാഗതം ചെയ്തിട്ടുമുണ്ട്.
പ്രസ്തുത കേസ് വരുന്ന ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

