ഇടുക്കി ജില്ലയിലെ വണ്ണപ്പുറം പഞ്ചായത്തിൽ സ്വന്തം വീടിന് സമീപത്തുകൂടി കടന്നുപോകുന്ന പഞ്ചായത്ത് വക മൺ റോഡ് കോൺക്രീറ്റ് ചെയ്ത് കിട്ടണമെന്ന ആവശ്യവുമായി അധികാരികളുടെ കനിവിനായി കാത്തിരിക്കുന്ന വയോധികന്റെ ദുരിതകഥ പുറത്ത്. വണ്ണപ്പുറം ദർഭത്തൊട്ടി പെരുമ്പിള്ളിക്കുന്നേൽ ജോസഫ് എന്ന 96 കാരനാണ് കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി അധികാരികളുടെ ഭാഗത്തുനിന്നും തുടരുന്ന അവഗണനയ്ക്ക് ഇരയാകുന്നത്.
റോഡ് യാത്രായോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദീർഘകാലമായി പഞ്ചായത്ത് അധികാരികൾക്കും ജനപ്രതിനിധികൾക്കും നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും 46 വർഷമായിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. തുടർന്ന് നീതിതേടി അദ്ദേഹം സംസ്ഥാന വയോജന കമ്മിഷനെ സമീപിക്കുകയുണ്ടായി.
എന്നാൽ പഞ്ചായത്തിൽ റോഡ് നിർമ്മാണത്തിന് ആവശ്യമായ ഫണ്ടില്ലെന്നാണ് വണ്ണപ്പുറം പഞ്ചായത്ത് ഭരണസമിതി കമ്മിഷന് നൽകിയ മറുപടി. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഈ ആവശ്യത്തിന് മുൻഗണന നൽകുമെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജോസഫിന്റെ കിടപ്പിലായിരുന്ന ഭാര്യ മറിയക്കുട്ടി രണ്ടാഴ്ച മുൻപാണ് മരണപ്പെട്ടത്. ഗുരുതരമായ രോഗബാധിതയായിരുന്ന മറിയക്കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറ്റിയിരുന്നത് വലിയ ബുദ്ധിമുട്ടോടെയായിരുന്നു.
നാട്ടുകാരുടെ സുമനസ്സുകളുടെ സഹായത്തോടെ മൺ റോഡ് അവസാനിക്കുന്ന ഭാഗം വരെ ഇവരെ എടുത്തുകൊണ്ടുപോയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്. തനിക്കും കുടുംബത്തിനും യാത്ര ചെയ്യുന്നതിനും രോഗിയായ ഭാര്യയെ കൃത്യസമയത്ത് ചികിത്സാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും റോഡ് സൗകര്യം ഒരുക്കണമെന്ന് അപേക്ഷിച്ചാണ് ജോസഫ് വിവിധ ഓഫീസുകൾ കയറിയിറങ്ങിയത്.
എന്നാൽ നല്ലൊരു റോഡിലൂടെ യാത്രാസൗകര്യം ലഭിക്കുന്ന കാലം സ്വപ്നം കണ്ട് കാത്തിരുന്ന മറിയക്കുട്ടിക്ക് ആ ആഗ്രഹം സഫലമാകുന്നത് കാണാനാവാതെയാണ് ലോകത്തോട് വിടപറയേണ്ടി വന്നത്. നിലവിൽ തൊടുപുഴ എംഎൽഎയ്ക്ക് ഇതുസംബന്ധിച്ച് നൽകിയിട്ടുള്ള പരാതിയിലെങ്കിലും അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ വയോധികൻ ഇനിയുള്ള ദിവസങ്ങൾ തള്ളിനീക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

