അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് ഔദ്യോഗിക ഉത്തരവായി. ഒൻപത് പ്രധാന വിഷയങ്ങളാണ് ഈ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പദ്ധതിയുടെ ആരംഭം മുതൽ ഇതുവരെയുള്ള മുഴുവൻ ഇടപാടുകളെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തിൽ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങിനെ പ്രധാന സ്പോൺസറായി തിരഞ്ഞെടുത്തതിന് പിന്നിലെ നടപടിക്രമങ്ങളും സാഹചര്യങ്ങളും പരിശോധിക്കും.
ഒപ്പം GoatAd ഉൾപ്പെടെയുള്ള സ്വകാര്യ ഏജൻസികളുടെയും ഇടനിലക്കാരുടെയും പങ്കും സംഘം വിശദമായി അന്വേഷിക്കും. ഏതെങ്കിലും സ്വകാര്യ കമ്പനികൾക്ക് അനധികൃതമായ ആനുകൂല്യങ്ങളോ സാമ്പത്തിക നേട്ടങ്ങളോ ലഭ്യമാക്കിയിട്ടുണ്ടോ എന്ന കാര്യവും, ഇത്തരത്തിലുള്ള വഴിവിട്ട
സഹായങ്ങളിലൂടെ സർക്കാരിനോ മറ്റ് പൊതു സ്ഥാപനങ്ങൾക്കോ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോ എന്നും സംഘം പരിശോധിക്കും. പദ്ധതിക്കായി കണ്ടെത്തിയ ഫണ്ടുകളുടെയും സ്പോൺസർഷിപ്പ് തുകകളുടെയും ഉറവിടം, ഈ പ്രക്രിയയുമായി ബന്ധപ്പെട്ട
വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നു. കൂടാതെ, ബന്ധപ്പെട്ട
സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, പൊതുമുതലുകളുടെ ഉപയോഗം എന്നിവ അനുവദിച്ച പശ്ചാത്തലവും, പൊതുസ്വത്ത് സ്വകാര്യ കമ്പനിക്ക് വിട്ടുനൽകാൻ ഇടയാക്കിയ സാഹചര്യങ്ങളും സംഘം പരിശോധനയ്ക്ക് വിധേയമാക്കും. പദ്ധതിയുടെ ഭാഗമായി നടത്തിയ വിദേശ സന്ദർശനങ്ങൾ, ആശയവിനിമയങ്ങൾ, ചർച്ചകൾ, നൽകിയ ഉറപ്പുകൾ എന്നിവയ്ക്ക് പുറമേ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ, ഫുട്ബോൾ ഓസ്ട്രേലിയ, മറ്റ് പ്രമുഖ സ്ഥാപനങ്ങൾ എന്നിവയുമായി സർക്കാർ സഹായത്തോടെ സ്വകാര്യ കമ്പനിക്ക് എങ്ങനെ കരാറുകളിൽ ഏർപ്പെടാൻ കഴിഞ്ഞു എന്നതിനെക്കുറിച്ചും അന്വേഷണം നടക്കും.
ഇത്തരം സ്വകാര്യ കരാർ ഇടപാടുകളിൽ സർക്കാരിന്റെ പേരും ഔദ്യോഗിക അധികാരവും സംവിധാനങ്ങളും ഉപയോഗപ്പെടുത്താനിടയായ സാഹചര്യവും എസ്.ഐ.ടി പരിശോധിക്കും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറിയതും ഉപയോഗിച്ചതും, അതുമായി ബന്ധപ്പെട്ട് നടന്ന നിർമ്മാണ പ്രവൃത്തികളും അവയുടെ ചെലവുകളും അന്വേഷണത്തിന്റെ ഭാഗമായി വിലയിരുത്തും.
ഈ വിഷയത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ എന്നിവരുടെ പങ്കും ഉത്തരവാദിത്തവും കൃത്യമായി നിർണ്ണയിക്കും. ഇതിനുപുറമേ, ഈ വിഷയത്തിൽ അഴിമതി നിരോധന നിയമപ്രകാരമോ മറ്റ് ബാധകമായ നിയമങ്ങളുടെ അടിസ്ഥാനത്തിലോ എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം കണ്ടെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

