തിരുവനന്തപുരം: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചെമ്പഴന്തി ഗുരുകുലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുത്ത് സംസാരിച്ചു. കണ്ണാടി പ്രതിഷ്ഠയിലൂടെ മനുഷ്യനെ തന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത് ശ്രീനാരായണ ഗുരുവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന സംഘർഷങ്ങൾക്കും ഭിന്നിപ്പുകൾക്കും മരുന്നായി ഗുരുദർശനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരു യഥാർത്ഥത്തിൽ ഒരു വിശ്വഗുരുവാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെപ്പോലും ഗുരുദേവദർശനങ്ങൾ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഭാരതത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് ലോകമെമ്പാടും പ്രചരിക്കേണ്ടവയാണ് അവിടുത്തെ ഉദാത്തമായ ആശയങ്ങൾ.
ദില്ലിയിലെ ഗുരുദേവ കേന്ദ്രം ഒരു പൂർണ്ണകായ പ്രതിമയിൽ മാത്രം ഒതുങ്ങിനിൽക്കാൻ പാടില്ലാത്തതാണെന്നും, ചെമ്പഴന്തിയും ശിവഗിരിയും ലോകത്തിന് മുന്നിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ശ്രീനാരായണ ഗുരുദേവന്റെ 172 -ാമത് ജയന്തി ആഘോഷങ്ങൾക്ക് വർക്കല ശിവഗിരിയിൽ ഔദ്യോഗിക തുടക്കമായി.
ശിവഗിരി മഠത്തിൽ സംഘടിപ്പിച്ച തിരുജയന്തി സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു.
വൈകിട്ട് 6.30-ന് ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് നടന്ന തിരുജയന്തി മഹാസമ്മേളനമാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

