തൃത്താല: മഴമേഘങ്ങൾ ആകാശത്ത് കനക്കുമ്പോൾ ഭാരതപ്പുഴയുടെ തീരത്ത് ആശങ്കയുടെ ഉറക്കമില്ലാത്ത രാവുകൾ തള്ളിനീക്കുകയാണ് ഒരു കുടുംബം. വെള്ളിയാങ്കല്ല് തടയണയ്ക്ക് സമീപമുള്ള ‘ശിവം ഭവനത്തിൽ’ താമസിക്കുന്ന മുൻ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ പി.കെ.പ്രസാദും കുടുംബവുമാണ് ഓരോ മഴക്കാലത്തും പുഴയിലെ കുത്തൊഴുക്കിൽ സ്വന്തം തലചായ്ക്കുന്ന ഇടം ഇല്ലാതാകുമോയെന്ന ഭയത്തിൽ കഴിയുന്നത്.
ഔദ്യോഗിക ജീവിതത്തിലുടനീളം അഗ്നിബാധയിലും മറ്റ് അപകടങ്ങളിലും പെട്ട അനേകം മനുഷ്യരുടെ ജീവനും സ്വത്തും കാത്തുരക്ഷിക്കാൻ മുന്നണിയിൽ നിന്ന ആളാണ് പ്രസാദ്.
എന്നാൽ വിരമിച്ച ശേഷം സ്വന്തം വീട് സംരക്ഷിക്കാനുള്ള കഠിനമായ പോരാട്ടത്തിലാണ് ഇദ്ദേഹം. മഴ ശക്തമായി ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ തടയണയിലൂടെ വെള്ളം വൻതോതിൽ പുറത്തേക്ക് ഒഴുക്കിവിടാറുണ്ട്.
ഇത് തീരമിടിച്ചിൽ രൂക്ഷമാക്കാൻ കാരണമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും വെള്ളിയാങ്കല്ല് തടയണയുടെ സമീപപ്രദേശങ്ങൾ പുഴയിലേക്ക് ഇടിഞ്ഞുതാണിരുന്നു.
ഇതോടെ അപകടഭീഷണി പ്രസാദിന്റെ വീടിന് തൊട്ടടുത്തെത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഉറക്കമൊഴിഞ്ഞ് പുഴയിലെ ജലനിരപ്പും തീരത്തിന്റെ സ്ഥിതിയും നിരീക്ഷിക്കേണ്ട
ദുരവസ്ഥയിലാണ് പ്രസാദും കുടുംബവും. കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന കുടുംബത്തിന് ഏത് നിമിഷവും വീടൊഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടി വരാം എന്ന അവസ്ഥയാണ് നിലവിലുള്ളത്.
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ജീവിതത്തിന്റെ നല്ലൊരു പങ്കും മാറ്റിവെച്ച തനിക്ക്, സ്വന്തം കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ എന്തുചെയ്യണമെന്നറിയാത്ത ഭീതിയാണുള്ളതെന്ന് പ്രസാദ് വ്യക്തമാക്കുന്നു. പുഴയോരം അടിയന്തരമായി ഭിത്തികെട്ടി സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

