കാസർകോട് ജില്ലയുടെ മലയോര മേഖലയായ രാജപുരത്ത് പ്ലാന്റേഷൻ കോർപറേഷൻ കശുമാവിൻ തോട്ടത്തിൽ എൻഡോസൾഫാൻ ബാരലുകൾ സൂക്ഷിച്ചിട്ടുള്ള ആസ്ബസ്റ്റോസ് കെട്ടിടത്തിന് സമീപം ഉരുൾപൊട്ടിയത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് പരിയാരത്തെ തോട്ടത്തിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായത്.
ഈ സംഭവത്തിൽ ആൾനാശമോ കൃഷിനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏകദേശം 500 മീറ്റർ ദൂരത്തിൽ വെള്ളത്തോടൊപ്പം വൻമരങ്ങളും പാറക്കഷ്ണങ്ങളും കുത്തിയൊലിക്കുകയുണ്ടായി. എൻഡോസൾഫാൻ ബാരലുകൾ സൂക്ഷിച്ചിരിക്കുന്ന പഴയ കെട്ടിടത്തിന് തൊട്ടടുത്തുകൂടിയാണ് അവശിഷ്ടങ്ങൾ പാഞ്ഞുകടന്നത്.
അൽപ്പംകൂടി മാറിയിരുന്നെങ്കിൽ കെട്ടിടം തകർന്ന് എൻഡോസൾഫാൻ ദ്രാവകം ജലസ്രോതസ്സുകളിലേക്ക് എത്തുമായിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് വെള്ളരിക്കുണ്ട് തഹസിൽദാർ പനത്തടി വില്ലേജ് ഓഫിസറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കെട്ടിടത്തിന് സമീപം അടിഞ്ഞുകൂടി നിൽക്കുന്ന മണ്ണ് മഴയുടെ ശക്തി കുറഞ്ഞാലുടൻ നീക്കം ചെയ്യുമെന്ന് പ്ലാന്റേഷൻ കോർപറേഷൻ മാനേജർ അറിയിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉരുൾപൊട്ടലിന്റെ കാരണങ്ങൾ സമഗ്രമായി പഠിക്കുന്നതിനായി ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സാങ്കേതിക സമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉരുൾപൊട്ടലിന്റെ സ്വഭാവം, കാരണങ്ങൾ, നിലവിലും ഭാവിയിലുമുണ്ടാകാവുന്ന അപകടസാധ്യതകൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്താനാണ് കാഞ്ഞങ്ങാട് ആർഡിഒ ചെയർമാനായി ഈ സമിതി രൂപീകരിച്ചിട്ടുള്ളത്. ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സോയിൽ കൺസർവേഷൻ ഓഫിസർ, തദ്ദേശ വകുപ്പ് ഡിഡി, എക്സിക്യൂട്ടീവ് എൻജിനീയർ, വെള്ളരിക്കുണ്ട് തഹസിൽദാർ, ഈസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി തുടങ്ങി വിവിധ വകുപ്പ് മേധാവികൾ ഉൾപ്പെടുന്ന സമിതി തയ്യേനി മേഖലയിലെ ചെമ്പോത്തുമല, വായിക്കാനം എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ആദ്യഘട്ട
പരിശോധനകൾ പൂർത്തിയാക്കി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന വീരമലക്കുന്നും വലിയപറമ്പ് പഞ്ചായത്തിലെ മാവില കടപ്പുറവും കലക്ടർ സന്ദർശിച്ചു.
വീരമലക്കുന്നിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടൻ നീക്കം ചെയ്യാനും കാര്യങ്കോട് പാലത്തിനടിയിലെ അവശിഷ്ടങ്ങൾ മാറ്റാനും നിർമാണ കരാർ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് താഴ്ന്നതിനാൽ ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ചില ദുരിതാശ്വാസ ക്യാംപുകൾ ഇതിനോടകം പിരിച്ചുവിട്ടു.
തയ്യേനി ഗവ. ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ക്യാംപിൽ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാരിയരും രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ക്യാംപിലെത്തിയിരുന്നു. വലിയപറമ്പ് പഞ്ചായത്തിൽ കടലാക്രമണം അതീവ രൂക്ഷമായി തുടരുകയാണ്.
20 കിലോമീറ്ററിലധികം കടൽത്തീരമുള്ള ഇവിടെ മാവിലാ കടപ്പുറം ഒരിയര മുതൽ കവ്വായി കടപ്പുറം വരെയുള്ള പ്രദേശങ്ങൾ കടുത്ത ഭീഷണിയിലാണ്. ഇതുവരെ 75-ലധികം തെങ്ങുകൾ കടലെടുത്തു കഴിഞ്ഞു.
കടൽസംരക്ഷണ ഭിത്തി നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഞ്ചേശ്വരം ഹാർബർ യാഥാർത്ഥ്യമായതിന് പിന്നാലെ ബന്ദിയോട് ബേരിക്ക കടപ്പുറത്തും കടലാക്രമണം കനത്തിട്ടുണ്ട്.
ശക്തമായ തിരമാലയടിയിൽ കടൽഭിത്തി തകരുകയും കൂറ്റൻ കല്ലുകൾ കടലിലേക്ക് പതിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. തയ്യേനി മേഖലയിലെ ഉരുൾപൊട്ടൽ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വരുന്ന 7-ാം തീയതിക്കുള്ളിൽ ഈ സംഘം വീടുകളും കൃഷിയിടങ്ങളും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും. പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് ഉരുൾപൊട്ടൽ ഏറ്റവും കൂടുതൽ നാശം വിതച്ചത്.
റോഡുകളിലെ ഇടുങ്ങിയ പൈപ്പ് കൽവർട്ടുകളിൽ മലവെള്ളപ്പാച്ചിലിൽ മണ്ണും മരങ്ങളും തടഞ്ഞുനിന്നതാണ് റോഡുകളുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു. നീലേശ്വരം നഗരസഭയിലെ ചാത്തമത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളും കലക്ടർ സന്ദർശിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

