പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും എസ്ഐയുടെ നേരെ കയ്യേറ്റം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. കാസർകോട് പരപ്പ കരിമറ്റം സ്വദേശിയായ അദിത്ത് ജോസഫ് (28) ആണ് അറസ്റ്റിലായത്.
നെല്ലിക്കോട് ആന്തം ഫ്ലാറ്റിലാണ് ഇയാൾ നിലവിൽ താമസിക്കുന്നത്. നടക്കാവ് എസ്ഐ എൻ.ലീലയെ ആക്രമിച്ച കേസിലാണ് ഈ നടപടി.
കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. ഔദ്യോഗിക പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി എസ്ഐയും സംഘവും സരോവരം ബവ്റിജസ് ഷോപ്പിന് സമീപം എത്തിയതായിരുന്നു.
തുടർന്ന് പൊതുസ്ഥലത്ത് അനധികൃതമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്നറിയാൻ പൊലീസ് വാഹനം നിർത്തി പരിശോധന ആരംഭിച്ചു. എസ്ഐ വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴാണ് റോഡരികിൽ നിന്നു പുകവലിക്കുകയായിരുന്ന അദിത്ത് ജോസഫിനെയും മറ്റൊരു വ്യക്തിയെയും സംഘം ശ്രദ്ധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കാൻ ഒരു പൊലീസുകാരൻ ഇവർക്ക് അരികിലേക്ക് ചെന്നു. എന്നാൽ പ്രകോപനപരമായി പെരുമാറിയ അദിത്ത് ജോസഫ്, പൊലീസുകാരന്റെ മുഖത്തേക്ക് പുക ഊതിവിടുകയാണുണ്ടായത്.
തുടർന്ന് വാഹനത്തിലിരിക്കുന്ന എസ്ഐയുടെ അടുത്തേക്ക് ചെല്ലാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അനുസരിച്ചില്ല. തുടർന്ന് പൊലീസ് വാഹനത്തിനടുത്തേക്ക് എത്തിയ അദിത്ത് ജോസഫ്, എസ്ഐ ലീലയോട് വാക്കുതർക്കത്തിലേർപ്പെടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു.
ഇതിനിടെ എസ്ഐയുടെ കൈ ബലമായി പിടിച്ചു തിരിക്കുകയായിരുന്നു. ആക്രമണത്തിൽ ഇടതു കൈക്ക് ഗുരുതരമായി പരുക്കേറ്റ എസ്ഐയെ ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് ഉടൻ തന്നെ കീഴ്പ്പെടുത്തി കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നടക്കാവ്, ടൗൺ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മുൻപും വിവിധ കേസുകൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

