നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് വൻ കവർച്ച. സംഭവത്തിൽ 15 പവൻ സ്വർണം കവർന്ന പ്രതിയെ വെറും മൂന്നു മണിക്കൂറിനുള്ളിൽ തന്നെ ആലപ്പുഴ സൗത്ത് പോലീസ് പിടികൂടി.
കാസർഗോഡ് സ്വദേശി രാജ് മോഹൻ ആണ് അറസ്റ്റിലായത്. സമാനമായ രീതിയിൽ മുൻപും ഇയാൾ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൈതവന കണിയാകുളം അപർണയിൽ സുദർശൻന്റെ വസതിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഈ അപൂർവ്വവും ഞെട്ടിപ്പിക്കുന്നതുമായ മോഷണം അരങ്ങേറിയത്. വീടിൻറെ ഒരു നില വാടകയ്ക്ക് നൽകാനായി സുദർശൻ പത്രത്തിലും മറ്റും പരസ്യം നൽകിയിരുന്നു.
ഈ പരസ്യം കണ്ടാണ് പ്രതി വീട് കാണാനെന്ന വ്യാജേന എത്തിയത്. വീടിന്റെ വിശേഷങ്ങൾ സംസാരിച്ചു നിൽക്കുന്നതിനിടയിൽ പെട്ടെന്ന് സുദർശൻന്റെ മുഖത്തേക്ക് ഇയാൾ മുളകുപൊടി വിതറുകയായിരുന്നു.
ശബ്ദം കേട്ട് അടുക്കളയിൽ നിന്നും നിലവിളിച്ചുകൊണ്ട് ഓടിയെത്തിയ ഭാര്യയുടെ വായിൽ പ്രതി തുണി തിരുകി നിശബ്ദയാക്കി. തുടർന്ന് വീടിന്റെ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും, സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലം ഭീഷണിപ്പെടുത്തി ചോദിച്ചറിയുകയും ചെയ്തു.
അലമാരയുടെ താക്കോൽ ഉൾപ്പെടെ കൈക്കലാക്കിയ പ്രതി, വീട്ടിലുണ്ടായിരുന്ന 15 പവൻ സ്വർണാഭരണങ്ങൾ പൂർണ്ണമായി കവർച്ച ചെയ്ത ശേഷം കടന്നുകളഞ്ഞു. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിച്ചു. വീട് വാടകയ്ക്ക് ആവശ്യപ്പെട്ട് ബന്ധപ്പെട്ട
മുഴുവൻ ഫോൺ നമ്പറുകളുടെയും കോൾ വിവരങ്ങൾ പോലീസ് അതിവേഗം ശേഖരിച്ചു. ഇതിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മുൻപും വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള രാജ് മോഹൻ സുദർശനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായത്.
തുടർന്ന് രാജ്മോഹൻന്റെ ഫോട്ടോ വീട്ടുകാരായ സുദർശനനെയും ഭാര്യയെയും കാണിക്കുകയും, ഇവർ മോഷ്ടാവിനെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ വാടയ്ക്കലെ താമസസ്ഥലത്തുനിന്ന് രാജ് മോഹൻ പിടിയിലായത്.
കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ ഇവിടെയാണ് വാടകയ്ക്ക് താമസിച്ചുവരുന്നത് എന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ച സ്വർണത്തിൽ നിന്നും ഒരു മാല ഇയാൾ ഇതിനോടകം പണയം വെച്ചിരുന്നു.
ഇതുൊഴികെ ബാക്കി മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

