ലോകത്തിലെ ഏറ്റവും വലിയ നാവികാഭ്യാസമായ ‘റിം ഓഫ് ദ് പസഫിക് എക്സർസൈസി’ൽ (റിംപാക്) പങ്കെടുക്കാനായി ഇന്ത്യൻ നാവികസേന സജ്ജമായി. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ പി–8ഐ മാരിടൈം പട്രോൾ വിമാനം ഹവായിയിലെത്തിക്കഴിഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ സമുദ്ര സുരക്ഷയും സമാധാനവും മുൻനിർത്തി യുണൈറ്റഡ് സ്റ്റേറ്റ്സ് പസഫിക് ഫ്ലീറ്റ് (USPACFLT) നേതൃത്വം നൽകുന്ന ഈ ഉദ്യമത്തിൽ ഇന്ത്യയുടെ പങ്കാളിത്തം, ഈ മേഖലയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് അടയാളപ്പെടുത്തുന്നതെന്ന് യുഎസിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ജൂൺ 24 മുതൽ ജൂലൈ 31 വരെ ഹവായിയൻ ദ്വീപുകളിലും സമീപമേഖലകളിലുമായി നടക്കുന്ന റിംപാക് അഭ്യാസപ്രകടനത്തിന്റെ 30-ാം പതിപ്പാണ് അരങ്ങേറുന്നത്.
‘പങ്കാളികൾ: സംയോജിതവും സജ്ജവും’ (Partners: Integrated and Prepared) എന്നതാണ് ഈ വർഷത്തെ പ്രമേയം. ആഗോളതലത്തിൽ നിന്നും 30 രാജ്യങ്ങൾ, 30 ലേറെ കപ്പലുകൾ, അഞ്ച് അന്തർവാഹിനികൾ, 15 രാജ്യങ്ങളുടെ കരസേനാ വിഭാഗങ്ങൾ, 206 ൽ അധികം വിമാനങ്ങൾ, ഏകദേശം 30,000 ഓളം ഉദ്യോഗസ്ഥർ എന്നിവർ ഈ ബൃഹത്തായ ദൗത്യത്തിൽ അണിനിരക്കുന്നുണ്ട്.
റിംപാക് – പശ്ചാത്തലം
1971-ൽ ആരംഭിച്ച ഈ അഭ്യാസ പരമ്പര, പങ്കാളിത്ത രാജ്യങ്ങളുടെ നാവികസേനകൾ തമ്മിലുള്ള ഏകോപനവും നൈപുണ്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നത്. സമുദ്ര പാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യ രാജ്യങ്ങൾക്കിടയിൽ ആരോഗ്യകരമായ സഹകരണം നിലനിർത്തുന്നതിനും ഈ സംരംഭം വഴിയൊരുക്കുന്നു.
തോക്ക്–മിസൈൽ അഭ്യാസങ്ങൾ, അന്തർവാഹിനി നിരീക്ഷണം, വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ, സൈനിക വൈദ്യശാസ്ത്രം, മാനുഷിക സഹായം, കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങൾ, മൈൻ പ്രതിരോധം തുടങ്ങിയവയാണ് ഈ അഭ്യാസത്തിലെ പ്രധാന ഘടകങ്ങൾ. പി–8ഐ വിമാനത്തിന്റെ പ്രത്യേകതകൾ
ബോയിങ് നിർമിതമായ പി–8ഐ വിമാനം ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക സമുദ്ര നിരീക്ഷണ സംവിധാനമാണ്.
യുഎസ് നാവികസേനയുടെ P-8A പോസിഡോണിന്റെ വകഭേദമായ ഇത്, ഒൻപത് മുതൽ പത്ത് മണിക്കൂർ വരെ തുടർച്ചയായി ആകാശത്ത് തങ്ങാൻ ശേഷിയുള്ളതാണ്. ഹാർപൂൺ മിസൈലുകൾ, ടോർപ്പിഡോകൾ തുടങ്ങിയ മാരകായുധങ്ങൾ വഹിക്കാനും ശത്രുനീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ഈ വിമാനത്തിന് സാധിക്കും.
അന്തർവാഹിനികളെ കണ്ടെത്തുക, ഇലക്ട്രോണിക് ഇന്റലിജൻസ് ശേഖരിക്കുക തുടങ്ങിയ നിർണായക ദൗത്യങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ കരുത്താണ് ഈ വിമാനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

