സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫ്ലെക്സിബിള്‍ വര്‍ക്ക് പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ തിരക്കേറിയ സമയങ്ങളില്‍ റോഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍ സമയക്രമീകരണത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
റിയാദ് റോയല്‍ കമ്മീഷനും മാനവ വിഭവ ശേഷി മന്ത്രാലയവും സംയുക്തമായാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ പ്രധാനപ്പെട്ട
ആറ് മേഖലകളിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സമയത്തില്‍ ഇളവ് ലഭിക്കും. കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ഡിജിറ്റല്‍ സിറ്റി, ഡിപ്ലോമാറ്റിക് ക്വാര്‍ട്ടര്‍, ലിസണ്‍ വാലി, ഗ്രാനഡ ബിസിനസ്, വാജിഹത്ത് റോഷന് എന്നീ മേഖലകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ അമ്പതിലേറെ സ്ഥാപനങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായിക്കഴിഞ്ഞു. ഓഫീസ് ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയത്തില്‍ നാല് മണിക്കൂര്‍ വരെ മാറ്റം വരുത്താനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
തല്‍ഫലമായി ഗതാഗതത്തിരക്ക് കുറയുന്നതിനൊപ്പം ജീവനക്കാരുടെ ജീവിതനിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതേസമയം, ഈ ഇളവുകള്‍ എല്ലാ മേഖലകള്‍ക്കും ബാധകമല്ല.
ആശുപത്രികള്‍, സ്കൂളുകള്‍, നേരിട്ടുള്ള ഫീല്‍ഡ് ജോലികള്‍ എന്നിവ ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ജോലി സമയം തന്നെ തുടരും. നഗരവികസനത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതി സഹായകമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

