തൃശ്ശൂര്‍ വിയ്യൂര്‍ ജില്ലാ ജയിലില്‍ അന്തരിച്ച റിമാന്‍ഡ് പ്രതി രേഷ് ബാബുവിന്റെ മരണകാരണം തലച്ചോറിലുണ്ടായ രക്തസ്രാവമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ഗണ്യമായി കുറഞ്ഞത് ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
അതേസമയം, ശരീരത്തിലുണ്ടായിരുന്ന മറ്റ് മുറിവുകളുടെ ഉറവിടം കണ്ടെത്താന്‍ വിശദമായ ശാസ്ത്രീയ പരിശോധനകള്‍ തുടരും. മകന്റെ മൃതദേഹം കണ്ടതിന് പിന്നാലെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി.
പൊലീസിന്റെയോ നാട്ടുകാരുടെയോ ഭാഗത്തുനിന്ന് മര്ദ്ദനമേറ്റിട്ടുണ്ടാകാമെന്ന ശക്തമായ സംശയം കുടുംബാംഗങ്ങള്‍ പ്രകടിപ്പിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന രേഷ് ബാബുവിനെ അറസ്റ്റ് ചെയ്ത സമയത്ത് നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഇദ്ദേഹം 50 ശതമാനത്തിലേറെ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പെന്ഷന് കൈപ്പറ്റുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
കഴിഞ്ഞ 17-ാം തിയതി തൃശ്ശൂര്‍ നഗരത്തില്‍ വെച്ച് ഒരാളെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു എന്നാരോപിച്ചാണ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നാല് പേര് അടങ്ങുന്ന സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പോലീസ് വാദിക്കുമ്പോള്‍, സിസിടിവി ദൃശ്യങ്ങളില്‍ രേഷ് ബാബു താഴെ നിന്ന് എന്തോ എടുക്കുന്ന ദൃശ്യം മാത്രമേയുള്ളൂ എന്നാണ് കുടുംബത്തിന്റെ പക്ഷം.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വിവരം കുടുംബത്തെ അറിയിച്ചത്. പോലീസ് സ്റ്റേഷനിലെത്തിയ പിതാവ് ബാബു, മകന്റെ മാനസികാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയെങ്കിലും ‘സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കോടതിയില്‍ കാണിച്ചോളൂ’ എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് ആരോപണമുണ്ട്.
കോടതിയില്‍ പോലും ഈ വിവരങ്ങള്‍ കൃത്യമായി സമര്‍പ്പിക്കാതിരുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

