സംസ്ഥാന സർക്കാർ പുറത്തിറക്കിയ സാമ്പത്തിക ധവളപത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് ആരോപിച്ചിരുന്നുവെന്നും, എന്നാൽ പുതിയ സർക്കാർ പുറത്തുവിട്ട
രേഖകൾ തന്നെ അന്ന് ഇടതുപക്ഷം ഉന്നയിച്ച വാദങ്ങളാണ് ശരിയെന്ന് തെളിയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖജനാവുമായി ബന്ധപ്പെട്ട
ദൈനംദിന കണക്കുകൾ ഇത്തരത്തിൽ പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രം പ്രതിപക്ഷത്തെ ആക്രമിക്കാൻ ധവളപത്രം ഉപയോഗിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള ഗ്രാന്റുകളെക്കുറിച്ചോ, കേന്ദ്രം വിഹിതം വെട്ടിക്കുറച്ചതിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്താത്തത് ഗൗരവകരമാണെന്ന് കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
പി എം ശ്രീ പദ്ധതിയിൽ മാത്രം കേന്ദ്രത്തിൽ നിന്ന് 1500 കോടിയോളം രൂപ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. കേന്ദ്ര ധനകാര്യ കമ്മീഷൻ റിപ്പോർട്ട് വരുന്നതിന് മുൻപാണ് കേരളം ബജറ്റ് അവതരിപ്പിച്ചത് എന്നതിനാൽ കൂടുതൽ വിഹിതം പ്രതീക്ഷിച്ചിരുന്നു.
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേന്ദ്രം പെട്ടെന്ന് നിർത്തിവെയ്ക്കുമെന്ന് മുൻകൂട്ടി അറിയാൻ തങ്ങൾ ജ്യോത്സ്യം പഠിച്ചിട്ടില്ലെന്നും, ഈ വിഷയത്തിൽ ബിജെപിയെ വിമർശിക്കാൻ തന്റേടം കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പരിഹസിച്ചു. പട്ടികജാതി, വർഗ വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് കുടിശ്ശിക മുൻ സർക്കാർ നേരത്തെ തന്നെ തീർപ്പാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സർക്കാരിന്റെ നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനാണെന്ന് ആരോപിച്ച അദ്ദേഹം, വൈദ്യുതി മേഖല പൂർണ്ണമായും സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി.
ലാഭത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം (സിയാൽ) അടക്കമുള്ള സ്ഥാപനങ്ങൾ വിറ്റഴിക്കപ്പെടാതിരുന്നാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാൻ എത്ര തുക ചെലവ് വരുമെന്നതിനെക്കുറിച്ച് ധവളപത്രത്തിൽ മൗനം പാലിച്ച സർക്കാർ, ഇക്കാര്യം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

