കേരളത്തിലെ ടൂറിസം മേഖലയുടെ ഓഫ് സീസൺ കാലഘട്ടത്തിൽ വലിയ സാമ്പത്തിക ഉത്തേജനം നൽകുന്നത് അറബ് രാജ്യങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികളാണ്. സംസ്ഥാനത്തെത്തുന്ന ആകെ വിദേശ വിനോദസഞ്ചാരികളിൽ 15 ശതമാനത്തിലധികവും ഈ മേഖലയിൽ നിന്നുള്ളവരാണ്.
സാമ്പത്തികമായി വലിയ നേട്ടം കൊയ്യുന്ന വിനോദസഞ്ചാരി വിഭാഗം കൂടിയാണിവർ. എന്നാൽ, ഇത്രയേറെ സാധ്യതകളുണ്ടായിട്ടും ഗൾഫ് രാജ്യങ്ങളിൽ ടൂറിസം വകുപ്പ് കാര്യമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
യൂറോപ്പിലും അമേരിക്കൻ നാടുകളിലും ടൂറിസം പ്രമോഷനുകൾക്കായി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും, കോവിഡിനു ശേഷമുള്ള ആഗോള സാഹചര്യങ്ങളും യുക്രെയ്ൻ-റഷ്യ യുദ്ധവും കാരണം അവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ വരവിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ലണ്ടനിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉൾപ്പെടെ കേരളത്തിന്റെ പരസ്യങ്ങൾ നിറയുമ്പോഴും, ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന യുഎഇ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ മതിയായ പ്രചാരണമില്ലാത്തത് വിപണന ദൗർബല്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
അറബ് സഞ്ചാരികളുടെ ചെലവിടൽ ശേഷി ടൂറിസം മേഖലയ്ക്ക് വലിയ കരുത്താണ് പകരുന്നത്. ഒരു വിനോദയാത്രയ്ക്ക് ചുരുങ്ങിയത് 5000 ഡോളർ അതായത് ഏകദേശം 5 ലക്ഷം രൂപ വരെ ഇവർ ചെലവാക്കുന്നുണ്ട്.
വലിയ സംഘങ്ങളായി വരുമ്പോൾ ഈ തുക 25 മുതൽ 30 ലക്ഷം രൂപ വരെയാകുന്നു. താമസസൗകര്യത്തേക്കാൾ കൂടുതൽ ഇവർ തുക ചെലവഴിക്കുന്നത് ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും കരകൗശല വസ്തുക്കൾക്കും സുഗന്ധദ്രവ്യങ്ങൾക്കുമാണ്.
കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 1.2 ലക്ഷത്തിലധികം അറബ് സഞ്ചാരികളാണ് കേരളത്തിൽ എത്തിയത്. സംസ്ഥാനത്ത് വിനോദസഞ്ചാരികൾ കുറവുള്ള ഓഫ് സീസൺ കാലമായ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് ഇവർ കൂടുതലായി എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
കൊച്ചി, അതിരപ്പള്ളി, കുമരകം, മൂന്നാർ, തേക്കടി, വയനാട് തുടങ്ങിയ കേന്ദ്രങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. കഴിഞ്ഞ വർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നത് ഇങ്ങനെ:
– ഒമാൻ: 65,103 പേർ
– സൗദി അറേബ്യ: 31,564 പേർ
– യുഎഇ: 26,222 പേർ
ഖത്തർ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ കൂടി ലക്ഷ്യമിട്ട് കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചാൽ കേരള ടൂറിസത്തിന് കൂടുതൽ ഉണർവ് പകരാൻ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

