കോട്ടയം: ജില്ലയിലെ ചങ്ങനാശ്ശേരിയിൽ മദ്യലഹരിയിൽ 18-കാരൻ നടത്തിയ അമിതവേഗതയിലുള്ള വാഹനയോടനം ആശങ്ക പരത്തി. നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് പായിപ്പാട് മുതൽ തെങ്ങണ വരെ ഏകദേശം എട്ട് കിലോമീറ്റർ ദൂരമാണ് യുവാവ് ഇന്നോവ കാറുമായി ചീറിപ്പാഞ്ഞത്.
സംഭവത്തിൽ പത്തനംതിട്ട തിരുവല്ല സ്വദേശിയായ ഗോകുൽ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ അപകടത്തിൽ സ്കൂട്ടർ യാത്രികയായ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രാമധ്യേ സ്കൂട്ടറിലിടിച്ച കാറിന്റെ ഒരു വീൽ ഊരിപ്പോയിട്ടും മൂന്ന് വീലുകൾ മാത്രമായി വാഹനം മുന്നോട്ട് കൊണ്ടുപോകാൻ ഇയാൾ ശ്രമിച്ചതായി നാട്ടുകാർ വ്യക്തമാക്കി.
അമിതവേഗതയും അപകടകരമായ ഡ്രൈവിങ്ങും കണ്ട് ഭയന്ന നാട്ടുകാർ അതിസാഹസികമായാണ് കാറിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയത്. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
യുവാവ് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി, ചേരാനല്ലൂർ സംഭവങ്ങളുടെ ഞെട്ടൽ മാറും മുൻപാണ് കേരളത്തിൽ സമാനമായ മറ്റൊരു അപകടവാർത്ത കൂടി പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

