കോഴിക്കോട്: വിവിധ ലോകകപ്പ് മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്രീലാന്‍സ് സ്പോര്‍ട്സ് ലേഖകനും നോവലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. മലാപ്പറമ്പ് ലൗ ഡെയ്ലില്‍ ആയിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ സംസ്കാരം നാളെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കുന്നതാണ്. മലാപ്പറമ്പ് കുളങ്ങരക്കണ്ടി ചന്തുക്കുട്ടിയുടെയും ചിരുതകുട്ടിയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്.
മലാപ്പറമ്പ് എല്‍.പി.സ്കൂള്‍, ചോലപ്പുറത്ത് യു.പി. സ്കൂള്‍, സാമൂതിരി കോളേജ് ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, വെസ്റ്റ്ഹില്‍ കേരള ഗവ.
പോളിടെക്നിക്ക് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, തുടര്‍ന്ന് പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായി സേവനം അനുഷ്ഠിച്ചു. 1996-ലാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
1958-ല്‍ അദ്ദേഹം തന്റെ ആദ്യ നോവലായ ‘പാനപാത്രത്തിന്റെ കാമുകി’ പ്രസിദ്ധീകരിച്ചു. ഏഴ് തവണ ഫുട്ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ (സ്പെയിന് 1982, മെക്സിക്കോ 1986, ഇറ്റലി 1990, ഫ്രാന്‍സ് 1998, കൊറിയ-ജപ്പാന് 2002, ജര്‍മ്മനി 2006, സൗത്ത് ആഫ്രിക്ക 2010), ഒരു യൂറോകപ്പ് ചാമ്പ്യന്‍ഷിപ്പും (ആസ്ട്രിയ-സ്വിറ്റ്സര്‍ലണ്ട് 2008) അദ്ദേഹം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
പോളിടെക്നിക്കിന്റെയും കോഴിക്കോട് യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെയും ജില്ലാ ഫുട്ബോള്‍ ടീമിന്റെയും ഫുട്ബോള്‍ ക്യാപ്റ്റനായി അദ്ദേഹം വിവിധ ടൂര്‍ണ്ണമെന്റുകളില്‍ കളിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്പോര്‍ട്സ് സംഘടനകളുടെയും കലാ-സാംസ്കാരിക സംഘടനകളുടെയും ഭാരവാഹിത്വവും അദ്ദേഹം വഹിച്ചു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രേം നസീര്‍ നായകനായ ‘ഫുട്ബോള്‍ ചാമ്പ്യന്‍’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2002-ലെ ലോകകപ്പ് വേദിയില്‍ സോളിലെ (ദക്ഷിണ കൊറിയ) ഏറ്റവും മികച്ച വിദേശ ലേഖകനുള്ള അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി. കേരള ഫുട്ബോള്‍ ലവേഴ്്സ് അസ്സോസിയേഷന്റെ ഏറ്റവും മികച്ച ലോകകപ്പ് ലേഖകനുള്ള പുരസ്കാരവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
ജലസേചനവകുപ്പില്നിന്നു വിരമിച്ച എന്‍ജിനിയര്‍ പരേതയായ പാറക്കുളങ്ങര പാര്‍വ്വതിയാണ് ഭാര്യ. സുതീഭ്, പ്രസീത് എന്നിവരാണ് മക്കള്‍.
നിമ്മി, റിങ്കു എന്നിവര്‍ മരുമക്കളും ജാന്‍വി, വിദ്യുത് എന്നിവര്‍ കൊച്ചുമക്കളുമാണ്.

