വരാനിരിക്കുന്ന ഉത്സവകാല വില്‍പ്പന ലക്ഷ്യമിട്ട് രാജ്യത്തെ വിവിധ കമ്പനികൾ അധിക ജീവനക്കാരെ കണ്ടെത്താൻ ശ്രമം നടത്തുമ്പോഴും, ആവശ്യാനുസരണം തൊഴിലാളികളെ ലഭിക്കാത്തത് കനത്ത പ്രതിസന്ധിയായി മാറുന്നു. ഓണ്‍ലൈന്‍ വ്യാപാരം, ക്വിക്ക് കൊമേഴ്സ്, ഭക്ഷ്യവിതരണം, ലോജിസ്റ്റിക്സ് തുടങ്ങിയ പ്രമുഖ മേഖലകളിലാണ് മനുഷ്യവിഭവ ശേഷിയുടെ കുറവ് ഏറ്റവുമധികം അനുഭവപ്പെടുന്നത്.
ഉയര്‍ന്ന വേതനവും തൊഴിലാളികളെ സ്വന്തമാക്കാനായി കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരവുമാണ് ഈ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കൊല്ലത്തെ ഉത്സവ സീസണില്‍ താല്‍ക്കാലിക ജോലികളുടെയും ഗിഗ് തൊഴില്‍ അവസരങ്ങളുടെയും എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 മുതൽ 20 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡെലിവറി, വെയര്‍ഹൗസ് ജോലികള്‍ക്ക് പുറമെ റീട്ടെയില്‍ സ്റ്റോറുകളിലെ ജീവനക്കാര്‍, ക്യാഷ്യര്‍മാര്‍, പ്രമോട്ടര്‍മാര്‍, കസ്റ്റമര്‍ കെയർ വിഭാഗം എന്നിവടങ്ങളിലേക്കും വ്യാപകമായി നിയമനം നടക്കുന്നുണ്ട്. ഉത്സവകാലത്തെ വലിയ തിരക്ക് മുൻകൂട്ടി കണ്ട് ഹോസ്പിറ്റാലിറ്റി മേഖലയിലും തൊഴിലവസരങ്ങൾ ഗണ്യമായി ഉയരുന്നുണ്ട്.
വരുന്ന ഒക്ടോബര്‍ അവസാനത്തോടെ രാജ്യത്തെ ഉത്സവകാല തൊഴില്‍ വിപണിയില്‍ ഏകദേശം 2.5 ലക്ഷം മുതല്‍ 2.7 ലക്ഷം വരെ താല്‍ക്കാലിക, ഗിഗ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രമുഖ റിക്രൂട്ട്മെന്റ് സേവനദാതാക്കളായ അദെക്കോ ഇന്ത്യ വ്യക്തമാക്കുന്നത്. മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ തൊഴിൽ മുന്നേറ്റം എന്നത് ശ്രദ്ധേയമാണ്.
ലഖ്നൗ, ഭുവനേശ്വര്‍, ജയ്പൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലും താല്‍ക്കാലിക തൊഴിലാളികളുടെ ആവശ്യം മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്നിട്ടുണ്ട്. കൂടാതെ കൊച്ചി, കാണ്‍പുര്‍, വിജയവാഡ തുടങ്ങിയ നഗരങ്ങളിൽ പുതിയ നിയമനങ്ങളിൽ 18 മുതല്‍ 22 ശതമാനം വരെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദെക്കോ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, വില്പ്പനക്കാലത്തെ ആവശ്യം നിറവേറ്റാൻ ആവശ്യമായ തൊഴിലാളികളുടെ എണ്ണവും ലഭ്യമായവരുടെ എണ്ണവും തമ്മില്‍ 10 മുതല്‍ 15 ശതമാനം വരെ അന്തരം നിലനിൽക്കുന്നുണ്ടെന്നാണ് റിക്രൂട്ട്മെന്റ് ഏജൻസികളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇ-കൊമേഴ്സ്, ക്വിക്ക് കൊമേഴ്സ്, ഭക്ഷണവിതരണം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ കമ്പനികൾ ഒരേ വിഭാഗം തൊഴിലാളികൾക്കായി പരസ്പരം മത്സരിക്കുന്നതാണ് പ്രധാന കാരണം.
ദില്ലി എന്‍സിആര്‍, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഈ മേഖലകളിൽ മാത്രം തൊഴിലാളികളുടെ കുറവ് ഏകദേശം 30 ശതമാനത്തോളം വരുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തൽ.
ജീവനക്കാർ പെട്ടെന്ന് ജോലി ഉപേക്ഷിച്ച് മാറുന്ന പ്രവണതയും കമ്പനികൾക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്. മെട്രോ നഗരങ്ങളില്‍ തൊഴിലവസരങ്ങൾ ധാരാളമുള്ളതിനാൽ തൊഴിലാളികൾക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് മാറിപ്പോകുന്നത് എളുപ്പമാണ്.
ഉത്സവകാലത്തെ അതിതീവ്രമായ വില്‍പ്പനയ്ക്കിടയില്‍ ജീവനക്കാര്‍ പെട്ടെന്ന് ജോലി വിട്ടുപോകുന്നത് ഓർഡറുകൾ കൃത്യസമയത്ത് കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കൾക്ക് സേവനം എത്തിക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ക്വിക്ക് കൊമേഴ്സ് മേഖലയിലാണ് താല്‍ക്കാലിക തൊഴിലാളികള്‍ക്കായി വലിയ തോതിലുള്ള ആവശ്യമുയരുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൂടുതല്‍ ഡാര്‍ക്ക് സ്റ്റോറുകളും പ്രാദേശിക വിതരണ കേന്ദ്രങ്ങളും സജ്ജമാക്കുന്നതോടെ, ഡെലിവറി ജീവനക്കാര്‍, സാധനങ്ങൾ ശേഖരിക്കുന്നവർ, പായ്ക്ക് ചെയ്യുന്നവർ, തരംതിരിക്കുന്നവർ, സ്റ്റോക്ക് കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവരുടെ ആവശ്യകതയും കുത്തനെ ഉയർന്നിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

