പാലക്കാട് ജില്ലയിലെ ഭരണകക്ഷിയായ സിപിഎമ്മിനുള്ളിൽ ഗ്രൂപ്പ് പ്രവർത്തനങ്ങളും വിഭാഗീയതയും രൂക്ഷമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. പാർട്ടിയിൽ നിലനിൽക്കുന്ന ഗുരുതരമായ സംഘടനാ പ്രശ്നങ്ങൾ തുറന്നുകാട്ടുന്ന ഔദ്യോഗിക റിപ്പോർട്ട് ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചു.
വിപുലമായ രീതിയിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന ഈ നിർണായക റിപ്പോർട്ട് അവതരിപ്പിച്ചത്.
സമീപകാല തെരഞ്ഞെടുപ്പുകളിൽ ജില്ലയിലെ ചില മണ്ഡലങ്ങളിൽ നേരിട്ട തിരിച്ചടികൾക്ക് കാരണം സംഘടനാപരമായ വീഴ്ചകളും ആഭ്യന്തര ഭിന്നതയുമാണെന്ന് രേഖ വ്യക്തമാക്കുന്നു.
പ്രധാനമായും കോങ്ങാട്, തൃത്താല തുടങ്ങിയ നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം പാർട്ടിക്കുള്ളിൽ ശക്തമായി നിലനിന്ന വിഭാഗീയതയാണെന്നാണ് റിപ്പോർട്ടിലെ പ്രധാന വിലയിരുത്തൽ. കൂടാതെ, വനമേഖലയായ അട്ടപ്പാടിയിൽ നടന്ന അനധികൃത ഭൂമി ഇടപാടുകളിൽ ചില പാർട്ടി നേതാക്കൾക്ക് നേരിട്ട് പങ്കാളിത്തമുണ്ടെന്ന ഗുരുതരമായ ആരോപണവും റിപ്പോർട്ടിലുണ്ട്.
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായി പാർട്ടി നേതൃത്വവും സംവിധാനവും ഒരു റിയൽ എസ്റ്റേറ്റ് മാഫിയയുടെ സ്വഭാവത്തിലേക്ക് വഴിമാറിയെന്നും യോഗത്തിൽ വിമർശനമുയർന്നു. ഇതിന്റെ തുടർച്ചയെന്നോണം, ജനങ്ങളിൽ വിശ്വാസ്യത നിലനിർത്തുന്നതിനായി നേതാക്കളുടെ അനധികൃത സ്വത്തുവിവരങ്ങളും കണക്കുകളും പരസ്യമായി പുറത്തുവിടണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

