സ്വന്തം വിവാഹചടങ്ങിലേക്ക് അമ്മയെ ക്ഷണിക്കാതിരുന്ന ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പ്രമുഖ ചൈനീസ് വ്യവസായി. ജീവനക്കാരന്റെ അമ്മയെ കാണാൻ ഭംഗിയില്ലെന്ന കാരണത്താൽ ലജ്ജ തോന്നിയാണ് മകൻ അമ്മയെ കല്യാണത്തിന് വിളിക്കാതിരുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹെനാൻ ഖ്വാങ്ഷാൻ ക്രെയിൻ കമ്പനി സ്ഥാപകനും ചെയർമാനുമായ ചുയി പെയ്ജുൻ കടുത്ത നടപടിയെടുത്തത്.
“നിനക്ക് രണ്ട് വയസ്സുള്ളപ്പോൾ നിന്റെ അച്ഛൻ മരിച്ചതാണ്, എന്നിട്ടാണോ നീ നിന്റെ അമ്മയോട് ഇങ്ങനെ പെരുമാറുന്നത്” എന്ന് ജീവനക്കാരനോട് ചോദിച്ച ശേഷമായിരുന്നു പിരിച്ചുവിടൽ. തൊഴിൽ നഷ്ടപ്പെട്ടതിന് പിന്നാലെ ജീവനക്കാരൻ ഓഫീസിലെത്തി മാപ്പപേക്ഷിക്കുകയും മറ്റൊരു ജോലി ലഭിക്കാത്തതിനാൽ തിരിച്ചെടുക്കണമെന്ന് മുട്ടുകുത്തി അപേക്ഷിക്കുകയും ചെയ്തെങ്കിലും ചുയി പെയ്ജുൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
കമ്പനിയിൽ സംഘടിപ്പിച്ച പൊതുചടങ്ങിലാണ് പെയ്ജുൻ ഈ സംഭവം വെളിപ്പെടുത്തിയത്. ജൂലൈ 21-ന് ആരംഭിച്ച വേനൽക്കാല ഇന്റേൺഷിപ്പ് പരിശീലന പരിപാടിയിൽ ജീവനക്കാരുടെ മക്കളായ 331 പേരാണ് പങ്കെടുത്തത്.
പദ്ധതിയുടെ ഉദ്ഘാടന വേളയിൽ സംസാരിക്കവെയാണ് മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെയും കുടുംബബന്ധങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചത്. നല്ലൊരു മനുഷ്യനാകുന്നതിന്റെ അടിത്തറ മാതാപിതാക്കളെ ആദരിക്കലാണെന്ന് വ്യക്തമാക്കിയ ശേഷമാണ് പെയ്ജുൻ മുൻപ് നടന്ന സംഭവം പങ്കുവെച്ചത്.
അതേസമയം, പിരിച്ചുവിടപ്പെട്ട ജീവനക്കാരന്റെ വിരമിച്ച അമ്മയ്ക്ക് കമ്പനിയുടെ ലോജിസ്റ്റിക്സ് വിഭാഗത്തിൽ പെയ്ജുൻ ജോലി നൽകി.
അവരുടെ മുൻ ജോലിയുടെ അതേ ശമ്പളത്തോടെയാണ് ഈ നിയമനം നടത്തിയത്. പ്രായമാകുമ്പോൾ മകൻ അമ്മയെ സംരക്ഷിച്ചേക്കില്ലെന്ന ആശങ്കയിലാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു.
‘ചൈനയിലെ ഏറ്റവും ഔദാര്യവാനായ ബോസ്’ എന്നാണ് ചുയി പെയ്ജുൻ അറിയപ്പെടുന്നത്. ഈ വർഷം ഫെബ്രുവരിയിൽ തന്റെ കമ്പനിയിലെ ജീവനക്കാർക്കായി 180 ദശലക്ഷം യുവാൻ (ഏകദേശം 237 കോടി രൂപ) അദ്ദേഹം വർഷാന്ത്യ ബോണസായി വിതരണം ചെയ്തിരുന്നു.
വായ്പാ ബാധ്യത മൂലം പ്രയാസമനുഭവിക്കുന്ന യുവ ജീവനക്കാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കൂടാതെ, കഴിഞ്ഞ 12 വർഷത്തിനിടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ 4,800-ലധികം സർവ്വകലാശാല വിദ്യാർത്ഥികൾക്കായി 35 ദശലക്ഷം യുവാൻ ഗ്രാന്റായും അദ്ദേഹം നൽകിയിട്ടുണ്ട്.
ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ വാർത്തയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

