മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം നടന്നതായി പരാതി. സംഭവത്തിൽ ബിജെപി യുവ മോർച്ച സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അനിൽ ശ്രീവാസ്തവ, ഇയാളുടെ സഹായി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
സാഗറിലെ ബുന്ദെൽഖണ്ഡ് മെഡിക്കൽ കോളജിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ലക്ഷ്മി തിവാരി എന്ന യുവതിയെ ചികിത്സയ്ക്കായി പുലർച്ചെ രണ്ടു മണിയോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഇവർ ആശുപത്രിയിൽ എത്തുന്നതിനു മുൻപുതന്നെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ഫോൺകോളുകൾ വരാൻ തുടങ്ങിയതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗിയുമായി എത്തിയ അനിൽ ശ്രീവാസ്തവയും സഹായിയും ചികിത്സാ വേളയിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
പ്രതി അനിൽ ശ്രീവാസ്തവ ഡോക്ടറുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിക്കുകയും, ഇത് തടയാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്. കൂടാതെ, തങ്ങളോട് ഈ വ്യക്തികൾ മോശമായി പെരുമാറിയെന്ന് നഴ്സിങ് ജീവനക്കാരും പരാതി ഉന്നയിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. പ്രതികളെ പിടികൂടാതെ ജോലിയിൽ പ്രവേശിക്കില്ലെന്ന് പ്രഖ്യാപിച്ച് ആശുപത്രിയുടെ പ്രവേശന കവാടത്തിൽ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധം സംഘടിപ്പിച്ചു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇവർ സമരം അവസാനിപ്പിച്ചത്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

