മലയാള സിനിമയുടെ സുവർണ്ണകാലഘട്ടത്തെ അടയാളപ്പെടുത്തിയ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ കിരീടം സാങ്കേതികമായി കൂടുതൽ മികവുറ്റതാക്കി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ജൂലായ് 10ന് ചിത്രം റീ-റിലീസ് ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ഈ ചലച്ചിത്ര വിസ്മയം പുതിയ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ തിയറ്ററുകളിലെത്തുമ്പോൾ ആരാധകർ വലിയ ആവേശത്തിലാണ്. 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം, 37 വർഷങ്ങൾക്കിപ്പുറം അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് തിയറ്ററുകളിൽ എത്തുന്നത്.
4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയിലും ചിത്രം ദൃശ്യവിരുന്നൊരുക്കും. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി (NFDC) സഹകരിച്ച് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാർ (കിരീടം ഉണ്ണി), ദിനേശ് പണിക്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
സേതുമാധവൻ എന്ന കഥാപാത്രത്തിലൂടെ മോഹൻലാൽ കാഴ്ചവെച്ച അഭിനയമുഹൂർത്തങ്ങളും, തിലകൻ അവതരിപ്പിച്ച അച്യുതൻ നായരുമായുള്ള അദ്ദേഹത്തിന്റെ കെമിസ്ട്രിയും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. സാധാരണക്കാരനായ ഒരു യുവാവ് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കുറ്റവാളിയായി മാറുന്നതിന്റെ തീവ്രത ലോഹിതദാസ് തന്റെ തിരക്കഥയിലൂടെ അത്രമേൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.
മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പാർവതി, മുരളി, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, മോഹൻരാജ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, ജഗദീഷ് തുടങ്ങി വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് റീ-റിലീസിനായി ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ഈ ദൃശ്യവിസ്മയത്തിന്റെ സാങ്കേതിക വശങ്ങളിൽ പ്രവർത്തിച്ചവർ:
ഛായാഗ്രഹണം: എസ്. കുമാർ, എഡിറ്റിംഗ്: എൽ.
ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ.
ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ് & ഡിസ്ട്രിബ്യൂഷൻ: ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ (ഹൈ സ്റ്റുഡിയോസ്), സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി. ശിവപ്രസാദ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

