ഹിന്ദു വിവാഹ നിയമപ്രകാരം പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും പൂർത്തിയാക്കാതെ കേവലം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ അത് നിയമസാധുതയുള്ള വിവാഹമായി കണക്കാക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ വിശ്വാസ്യതയും നിയമപരമായ നിലനിൽപ്പും ഉറപ്പാക്കുന്നതിൽ ആചാരങ്ങൾക്കുള്ള പ്രാധാന്യം കോടതി എടുത്തുപറഞ്ഞു.
ജസ്റ്റിസ് ഇലേഷ് വോറ, ആർ.ടി. വച്ഹനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.
വിവാഹമെന്നാൽ കേവലം ‘ആട്ടവും പാട്ടവും’ ‘തീറ്റയും കുടിയും’ മാത്രമല്ലെന്നും, അതിന് സാംസ്കാരികവും ആത്മീയവുമായ തലമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വധൂവരന്മാർ അഗ്നിയെ സാക്ഷിയാക്കി ഏഴു ചുവടുകൾ വെക്കുന്ന ‘സപ്തപതി’ പോലുള്ള ആചാരങ്ങളാണ് ഹിന്ദു വിവാഹത്തിന്റെ അടിത്തറയെന്നും, ഇത്തരം ചടങ്ങുകൾ വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിന് അത്യന്താപേക്ഷിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തിയാൽ മാത്രമേ വിവാഹം നിയമപരമായി പൂർണ്ണമാകൂ. സെക്ഷൻ 8 പ്രകാരമുള്ള രജിസ്ട്രേഷൻ എന്നത് നിയമപരമായി നടന്ന വിവാഹത്തിന്റെ തെളിവ് മാത്രമാണെന്നും, ആചാരങ്ങൾ നടക്കാത്ത ബന്ധത്തിന് രജിസ്ട്രേഷൻ മാത്രം കൊണ്ട് സാധുത ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ നൽകിയ ഹർജിയിലാണ് ഈ വിധി. താൻ അറിയാതെ മാതാപിതാക്കൾ രജിസ്റ്റർ ചെയ്ത വിവാഹം അസാധുവാക്കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം.
തങ്ങൾക്കിടയിൽ വിവാഹ ചടങ്ങുകൾ ഒന്നും നടന്നിട്ടില്ലെന്നും, വഞ്ചനാപരമായാണ് സർട്ടിഫിക്കറ്റ് നേടിയതെന്നും യുവാവ് കോടതിയെ ബോധിപ്പിച്ചു. യുവതിയും ഇക്കാര്യം സമ്മതിച്ചതോടെ, വിവാഹ ചടങ്ങുകൾ നടക്കാത്ത സാഹചര്യത്തിൽ കേവലം സർട്ടിഫിക്കറ്റിന്റെ ബലത്തിൽ ബന്ധം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, കുടുംബകോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

