തിരുവനന്തപുരം: എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ഉദ്യോഗാർത്ഥികളുടെ പരാതി. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഒരു ഗസറ്റഡ് തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ നിലവാരം അതീവ ലഘുവാണെന്നും, ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ വലിയ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ആരോപണം.
2025 ഒക്ടോബർ 30-നാണ് ഈ തസ്തികയിലേക്കുള്ള വിജ്ഞാപനം പുറത്തുവന്നത്. തുടർന്ന് 2026 മാർച്ച് 24-ന് സിലബസ് പ്രസിദ്ധീകരിച്ചു.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്സ് ബിരുദാനന്തര ബിരുദധാരികളെ കൂടി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും, ആദ്യ സിലബസിൽ കൊമേഴ്സ് ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. പരാതികൾ ഉയർന്നതിനെത്തുടർന്ന്, കൺഫർമേഷൻ വിൻഡോ അടച്ചതിന് ശേഷം പരീക്ഷയ്ക്ക് രണ്ടുമാസം മാത്രം ശേഷിക്കെയാണ് പിഎസ്സി പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചത്.
പഠനത്തിന് ആവശ്യമായ 90 ദിവസത്തെ സമയം ലഭിച്ചില്ലെന്ന ഉദ്യോഗാർത്ഥികളുടെ പരാതി അധികൃതർ പരിഗണിച്ചില്ല. ജൂൺ 18-ന് നടന്ന പരീക്ഷയുടെ ചോദ്യങ്ങൾ പ്ലസ് ടു നിലവാരത്തിന് പോലും താഴെയായിരുന്നുവെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്വകാര്യ അക്കാദമിയുടെ റാങ്ക് ഫയലിലെ ചോദ്യങ്ങൾ പകർത്തിയതായും, ചാറ്റ് ജിപിടി (ChatGPT) ഉപയോഗിച്ച് തയ്യാറാക്കിയവയാണ് മിക്ക ചോദ്യങ്ങളുമെന്നും ആരോപണമുണ്ട്. ഇതിനിടെ, പിഎസ്സി പ്രസിദ്ധീകരിച്ച ഉത്തരസൂചിക ഉദ്യോഗാർത്ഥികളുടെ സംശയം ബലപ്പെടുത്തിയിരിക്കുകയാണ്.
ആകെ ഉണ്ടായിരുന്ന 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ശരിയുത്തരം ‘ഓപ്ഷൻ ബി’ ആയി വരുന്നത് അട്ടിമറിയുടെ തെളിവായി ഇവർ ഉയർത്തിക്കാട്ടുന്നു. കൊമേഴ്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 16 എണ്ണത്തിനും ‘ബി’ ആണ് ഉത്തരമായി നൽകിയിരിക്കുന്നത്.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ സമയം ബാക്കി നിൽക്കെ, തിടുക്കപ്പെട്ട് പരീക്ഷ നടത്തിയതിലും ഉദ്യോഗാർത്ഥികൾക്ക് ദുരൂഹതയുണ്ട്. ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ള ഉന്നത അധികാരികൾക്ക് ഉദ്യോഗാർത്ഥികൾ നിവേദനം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

