തൃശൂർ ജില്ലയിലെ മരത്തംകോട് മേഖലയിൽ, ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കൊപ്പം കിണറ്റിലേക്ക് വീണ മൂന്നു വയസ്സുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. ഓട്ടോറിക്ഷയ്ക്കുള്ളിൽ കളിക്കുന്നതിനിടയിലാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ബിന്നി–സീമ ദമ്പതികളുടെ മകൾ എൽസി ആണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സംഭവം ഇങ്ങനെ: കുട്ടിയുടെ മുത്തച്ഛൻ (സീമയുടെ പിതാവ്) ഓട്ടോറിക്ഷാ ഡ്രൈവറാണ്.
ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയ അദ്ദേഹം ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിർത്തിയിടുകയായിരുന്നു. ഈ സമയം വാഹനത്തിന്റെ താക്കോൽ ഊരിയിരുന്നില്ല.
ഇതിനുള്ളിൽ കയറി കളിക്കുകയായിരുന്ന കുട്ടി അബദ്ധവശാൽ വാഹനം സ്റ്റാർട്ട് ചെയ്തതോടെ ഓട്ടോറിക്ഷ മുന്നോട്ടുനീങ്ങി സമീപത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ കിണറ്റിലേക്ക് വീഴുന്ന ശബ്ദം കേട്ട്, സമീപത്തെ പറമ്പിൽ പുല്ലുചെത്തുകയായിരുന്ന അയൽവാസി മോഹനൻ ഉടൻ തന്നെ സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
കുട്ടിയുടെ വസ്ത്രം വാഹനത്തിൽ കുടുങ്ങിയതിനാൽ വെള്ളത്തിലേക്ക് വീഴാതെ ഇരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മകളാണ് എൽസി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

