കർണാടക സംസ്ഥാനത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബെംഗളൂരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഭരണഘടനയുടെ പകർപ്പ് കൈയിലേന്തിയാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ആശംസകൾ നേർന്നു. എക്സിലൂടെ പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ: “കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ.
അദ്ദേഹത്തിന്റെ ഭരണകാലത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ കർണാടക സർക്കാരുമായി ചേർന്ന് പ്രവർത്തിക്കും”.
ചടങ്ങിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഇവർക്ക് പുറമെ 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മന്ത്രിസഭയിൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മലയാളികളായ യു ടി ഖാദർ, കെ ജെ ജോർജ് എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ദേശീയഗാനം, വന്ദേമാതരം, കർണാടകത്തിൻ്റെ സംസ്ഥാന ഗീതം എന്നിവയുടെ ആലാപനത്തോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

