പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സ തേടിയ ആറന്മുള ഇടശേരിമല മണക്കാലിൽ വത്സല (62) എന്ന സ്ത്രീയുടെ ശരീരത്തിൽ ശസ്ത്രക്രിയാ സൂചി കുടുങ്ങിയ സംഭവത്തിൽ അന്വേഷണം സ്തംഭിച്ചതിൽ കുടുംബം ആശങ്കയിൽ. രണ്ടര വർഷം മുൻപ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമനടപടികൾ സ്വീകരിച്ചിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
ആശുപത്രിയിൽ നടത്തിയ എക്സ്റേ പരിശോധനയിൽ വത്സലയുടെ ശരീരത്തിൽ സൂചി കുടുങ്ങിയതായി ആദ്യം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്.
ബാക്കി ഭാഗം ശരീരത്തിൽ തന്നെ അവശേഷിക്കുന്നുണ്ടെന്ന് അന്ന് അധികൃതർ സമ്മതിക്കുകയും ചെയ്തിരുന്നു. ഈ ഭാഗം കൃത്യമായി എവിടെയാണെന്ന് കണ്ടെത്താൻ പിന്നീട് പത്തനംതിട്ട
ജനറൽ ആശുപത്രിയിൽ സ്കാനിങ് നടത്തിയെങ്കിലും, സൂചി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഈ റിപ്പോർട്ടിൽ തിരിമറി നടന്നിട്ടുണ്ടെന്നും തങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം സംശയം പ്രകടിപ്പിക്കുന്നു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.മുരളീധരൻ ഡിഎംഒയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് രൂപീകരിച്ച മെഡിക്കൽ ബോർഡ് ചികിത്സാരേഖകൾ പരിശോധിച്ചുവെങ്കിലും, ജില്ലാ ആശുപത്രി ജീവനക്കാരെ സംരക്ഷിക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.
ഈ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി മുരളീധരൻ, വിശദമായ പരിശോധന നടത്തണമെന്ന് വീണ്ടും നിർദേശിച്ചിരുന്നു. എന്നാൽ നിലവിൽ സ്കാനിങ് റിപ്പോർട്ടിന്റെ മറവിൽ അന്വേഷണം മരവിച്ചിരിക്കുകയാണ്.
മുറിവ് ഉണങ്ങിയ ശേഷം വീണ്ടും വിദഗ്ധ പരിശോധന നടത്താൻ ചില ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെങ്കിലും, നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കുടുംബം ഇപ്പോഴും ആശങ്കയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

