മലപ്പുറത്ത് യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് ഉന്നയിച്ച വിമർശനങ്ങളിൽ കടുത്ത അതൃപ്തി വ്യക്തമാക്കി മുസ്ലിംലീഗ് നേതൃത്വം രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട
വിഷയം നിൽക്കുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ലെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട
വാർത്ത കളയണ്ടെന്നും, ഉഭയകക്ഷി ചർച്ചകളിലൂടെയാണ് കുറച്ചു കാര്യങ്ങൾ തീരുമാനമായതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും കുറേ നിയമനങ്ങളിൽ തീരുമാനം വരാനുണ്ടെന്നും അപ്പോൾ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.
ഈ വിവാദം സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഡിഎഫിൽ ചർച്ചചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ എന്നും പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിലാണ് മുസ്ലിംലീഗ് കടുത്ത അതൃപ്തി അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും ആയിരുന്നുവെന്നാണ് ലീഗ് നേതാക്കളുടെ പൊതുവായ വിലയിരുത്തൽ.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം കെ മുനീറിന് നൽകാൻ നേരത്തെ ധാരണ ആയതാണ്.
എന്നിട്ടും മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ശരിയായില്ല എന്നാണ് ലീഗിന്റെ പക്ഷം. ഇതിനിടെ, ഡോ.
എം കെ മുനീറിനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

