ശബരിമലയിൽ ഓണസദ്യയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിലും സ്പോൺസർമാരെ പൂർണമായി ഒഴിവാക്കിയ നടപടിയിലും ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ രംഗത്ത്. ഭക്തർക്ക് ഓണസദ്യ ലഭിച്ചില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ വിശദീകരണം പൂർണമായി തള്ളിക്കളഞ്ഞ മന്ത്രി, സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമലയിലെ ടെൻഡർ നടപടികൾ വൈകുന്നതിലും മന്ത്രി തന്റെ അതൃപ്തി പരസ്യമാക്കി. സ്പോൺസർമാരെല്ലാം കുറ്റക്കാരാണെന്ന് വിലയിരുത്താനാവില്ലെന്നും, കാര്യങ്ങൾ നേരിട്ടു നടപ്പിലാക്കുമ്പോൾ അത് കൂടുതൽ മികച്ച രീതിയിൽ ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നൽകേണ്ടിയിരുന്ന സദ്യ വെറും ഒരു ദിവസമായി ചുരുക്കിയെന്നും, തിരുവോണ നാളിൽ ജീവനക്കാർക്ക് മാത്രമാണ് സദ്യ വിളമ്പിയതെന്നും ഭക്തർക്ക് മഞ്ഞച്ചോറാണ് (പുലാവ്) നൽകിയതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് തനിക്ക് കൃത്യമായ ചിത്രസഹിതം പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് വിഷയം ഗൗരവമായി കണ്ട് ദേവസ്വം പ്രസിഡന്റിന് ഔദ്യോഗികമായി കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നാളുകളിലാണ് ശബരിമലയിൽ ഭക്തർ ഉൾപ്പെടെയുള്ളവർക്കായി വിഭവസമൃദ്ധമായ സദ്യ നൽകിവന്നിരുന്നത്. എന്നാൽ ഇത്തവണ സ്പോൺസർമാരെ പാടെ ഒഴിവാക്കിക്കൊണ്ട് സദ്യ വെട്ടിച്ചുരുക്കുകയാണുണ്ടായത്.
അന്നേദിവസം പോലും ഭക്തർക്ക് സദ്യ നിഷേധിക്കപ്പെടുകയും ജീവനക്കാർക്ക് മാത്രമായി അത് പരിമിതപ്പെടുകയും ചെയ്തു. ഭക്തർക്ക് മഞ്ഞച്ചോറ് നൽകിയെന്ന ഗുരുതരമായ പരാതിയാണ് ഉയർന്നിട്ടുള്ളത്.
ആചാരമര്യാദകൾ പാലിച്ച് കൃത്യമായി സദ്യ നൽകിയിരുന്നെങ്കിൽ ഇത്തരത്തിലുള്ള ഒരു പരാതിയും ഉയരില്ലായിരുന്നു. ഒരു പന്തിയിൽ രണ്ടുതവണ വിളമ്പുന്ന അവസ്ഥ പോലും ഉണ്ടായതായി പരാതിയിൽ പറയുന്നുണ്ട്.
പരമ്പരാഗതമായി തുടർന്നുപോരുന്ന ആചാരങ്ങൾ ഒറ്റയടിക്ക് നിർത്തലാക്കുന്ന രീതി തികച്ചും അനുചിതമാണ്. സ്പോൺസർമാരും ഇടനിലക്കാരും ആവശ്യമില്ലെന്നാണ് ബോർഡ് നിലപാട് സ്വീകരിക്കുന്നത്.
എന്നാൽ അപ്പവും അരവണയും നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾക്കായി ടെൻഡർ ക്ഷണിച്ചിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. വരാനിരിക്കുന്ന തീർത്ഥാടന കാലത്തിന് ഇനി അധികം ദിവസങ്ങൾ ബാക്കിയില്ല.
എല്ലാ സ്പോൺസർമാരെയും കള്ളന്മാരായി ചിത്രീകരിക്കാൻ സാധിക്കില്ലെന്നും, തികഞ്ഞ ദൈവവിശ്വാസികളായ നിരവധി പേർ ഇതിന് പിന്നിലുണ്ടാകുമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. അത്തരത്തിലുള്ള വ്യക്തികളെപ്പോലും ഒഴിവാക്കി സ്വന്തം നിലയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ അതിന്റെ മേന്മ പ്രകടമാകേണ്ടതുണ്ട്.
എന്നാൽ ഇവിടെ അതുണ്ടായില്ലെന്നും, ഇത് ഭക്തരോടുള്ള തികഞ്ഞ നീതികേടും തെറ്റായ സമീപനവുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

