കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി നിർണായക ശുപാർശകളുമായി വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ബസുകളുടെ റൂട്ടും സമയവും പുതുക്കിക്രമീകരിക്കണമെന്നാണ് സമിതിയുടെ പ്രധാന നിർദ്ദേശം.
റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി സിപി ജോൺ വ്യക്തമാക്കി. എന്നാൽ, തങ്ങളുടെ പ്രതീക്ഷയ്ക്ക് വക നൽകുന്നതൊന്നും പുതിയ റിപ്പോർട്ടിലില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
പ്രിയദർശിനി പദ്ധതി തങ്ങളുടെ ഉപജീവന മാർഗത്തിന് തിരിച്ചടിയായെന്ന് ചൂണ്ടിക്കാണിച്ചാണ് സ്വകാര്യ ബസ് ഉടമകൾ രംഗത്തു വന്നത്. ഈ പശ്ചാത്തലത്തിലാണ് മുൻ ഡിജിപി കെ.
പത്മകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്. ഒരേ റൂട്ടിൽ കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഒരുമിച്ച് സർവീസ് നടത്തുമ്പോൾ സ്വകാര്യ മേഖലയ്ക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെന്ന് സമിതി വിലയിരുത്തി.
ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് സമയക്രമത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നിനുപിറകെ ഒന്നായി ബസുകൾ സർവീസ് നടത്തുന്ന രീതി ഒഴിവാക്കണമെന്നും, പ്രിയദർശിനി പദ്ധതിക്കായി സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു.
ഇതിനായുള്ള കിലോമീറ്റർ നിരക്ക് കെഎസ്ആർടിസി ആയിരിക്കും നിശ്ചയിക്കുക. കൂടാതെ, സ്വകാര്യ ബസുകളുടെ കാലാവധി 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് സർവീസിനെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, ഡീലർ നിരക്കിൽ കെഎസ്ആർടിസി പമ്പുകളിൽ നിന്ന് ഇന്ധനം ലഭ്യമാക്കുക, വാഹന നികുതി മാസംതോറും അടയ്ക്കാൻ അവസരം ഒരുക്കുക, പരസ്യങ്ങൾ പതിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തുക, സർക്കാർ മുഖേന ഇൻഷുറൻസ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

