നൂതന സാങ്കേതികവിദ്യയോടെയുള്ള പുതിയ ഉൽപ്പന്നവുമായി പ്രമുഖ ബ്രാൻഡായ ഡെയ്സൺ വിപണിയിലേക്ക്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ക്യാമറയും ഫ്ലോസറും ഘടിപ്പിച്ച ഇലക്ട്രിക് ടൂത്ത് ബ്രഷാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്.
499.99 ഡോളർ (ഏകദേശം 47,000 രൂപ) വിലവരുന്ന ഈ ഉൽപ്പന്നത്തിന്റെ വരവ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഉയർന്ന വിലയും സ്വകാര്യതാ ലംഘന സാധ്യതകളും ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നിട്ടുള്ളത്.
“വായ്ക്കുള്ളിലെ കാഴ്ച കണ്ടൊരു പല്ല് തേപ്പ്. ഫ്ലോസർ അടങ്ങിയ ഡെയ്സണിന്റെ ക്യാമറ ജെറ്റ് ഇലക്ട്രിക് ടൂത്ത് ബ്രഷ് ഉപയോഗിച്ച് മാത്രമേ നിങ്ങൾക്ക് വായ്ക്കുള്ളിലെ ഗ്യാപ്പുകളും പ്രിസിഷൻ-ഫ്ലോസും കണ്ടെത്താനും നന്നായി പല്ലും വായും വൃത്തിയാക്കാനും കഴിയുകയൊള്ളൂ” എന്നാണ് പുതിയ ഉത്പന്നത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഡെയ്സൺ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വ്യക്തമാക്കിയത്.
പരസ്യം പുറത്തുവന്നതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിന്നുണ്ടായത്. ചിലർ ഇതിനെ അനാവശ്യമായ ധൂർത്തായി കാണുമ്പോൾ, മറ്റുചിലർ ഇതൊരു അത്യാവശ്യ ഉൽപ്പന്നമാണെന്ന നിലപാടിലാണ്.
എന്നാൽ വലിയൊരു വിഭാഗം ഉപയോക്താക്കളും ഉന്നയിച്ചത് സ്വകാര്യതാ പ്രശ്നങ്ങളാണ്. ടൂത്ത് ബ്രഷിൽ ക്യാമറ ഘടിപ്പിക്കുന്നത് വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
“എനിക്ക് ആ വീഡിയോ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാൻ കഴിയുമോ” എന്നും “ജനങ്ങൾക്ക് പല്ല് തേക്കേണ്ടത് എങ്ങനെ എന്ന് അറിയില്ലേ? അതുകൊണ്ടാണോ ക്യാമറ ഘടിപ്പിച്ച് ബ്രഷ്?” എന്നുമൊക്കെയുള്ള പരിഹാസ കമന്റുകളും ഇതിനോടകം വൈറലായിട്ടുണ്ട്. അതേസമയം, ദന്തവിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ചിലർ പുതിയ സാങ്കേതികവിദ്യ പരിശോധിക്കാൻ താല്പര്യം പ്രകടിപ്പിച്ചും രംഗത്തെത്തിയിട്ടുണ്ട്.
പ്രിസിഷൻ-ഫ്ലോസിലെ വിടവുകൾ നേരിട്ട് കണ്ട് വൃത്തിയാക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ ക്യാമറ ഘടിപ്പിച്ച ഉൽപ്പന്നമാണിതെന്ന് ഡെയ്സൺ അവകാശപ്പെടുന്നു. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഈ ടൂത്ത് ബ്രഷിൽ സെക്കൻഡിൽ 28-ഓളം ചിത്രങ്ങൾ പകർത്താൻ കഴിയുന്ന 100 K പിക്സൽ മാക്രോ ലെൻസ് ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്.
മൈ ഡെയ്സൺ ആപ്പ് വഴി ഉപയോക്താക്കൾക്ക് പല്ല് തേക്കുമ്പോൾ തന്നെ തത്സമയം ദൃശ്യങ്ങൾ കാണാൻ സാധിക്കും. ആവശ്യമുള്ളപ്പോൾ ക്യാമറ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കുന്ന സൗകര്യവുമുണ്ട്.
എന്നാൽ ഉപയോക്താക്കളുടെ ദൃശ്യങ്ങൾ തങ്ങൾ സൂക്ഷിച്ചുവെക്കില്ലെന്നും കമ്പനിയുടെയോ ക്ലൗഡിന്റെയോ സർവറുകളിൽ ഡാറ്റ ശേഖരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

