തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ സുരക്ഷാ വീഴ്ചകളിമേൽ കർശന നടപടികളുമായി പൊലീസ് രംഗത്ത്. സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇന്ന് (2) മുതൽ പ്രദേശത്ത് നവീകരിച്ച സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നത്.
രാത്രി 7 മണി മുതൽ പുലർച്ചെ വരെ ജനങ്ങളുടെ സുരക്ഷ പൂർണ്ണമായും ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രമായ പ്ലാനാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ മുഴുവൻ ചുമതലയും മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് നൽകിയിട്ടുള്ളത്.
രാത്രി സമയങ്ങളിൽ അരമണിക്കൂർ ഇടവേളകളിൽ പ്രദേശത്ത് പൊലീസ് മൊബൈൽ പട്രോളിങ് ഉണ്ടായിരിക്കുന്നതാണ്. കൺട്രോൾ റൂമിൽ നിന്നുള്ള ഒരു വാഹനവും മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള മറ്റൊരു വാഹനവും മാറിമാറിയാകും ഇവിടെ നിരീക്ഷണം ശക്തമാക്കുക.
ഇതിനുപുറമെ, മാനവീയം വീഥിയുടെ ഇരുവശങ്ങളിലുമായി രണ്ട് പൊലീസുകാരെ സ്ഥിരമായി ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. പൊലീസ് എയ്ഡ് പോസ്റ്റിലും ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൂടുതലായി എത്തുന്ന ഈ മേഖലയിൽ വനിതാ പൊലീസുകാരെയും ഉൾപ്പെടുത്തി പ്രത്യേക വിന്യാസമാണ് നടപ്പിലാക്കിയിട്ടുള്ളത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് എത്തുന്നവരുടെയും കുടുംബങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം, സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്ന വ്യക്തികളെ പരിശോധിക്കാനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
“ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്,” എന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ വ്യക്തമാക്കി. എന്തെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങളോ സംഘർഷങ്ങളോ ഉണ്ടായാൽ നിമിഷങ്ങൾക്കകം കൂടുതൽ പൊലീസ് സേന സംഭവസ്ഥലത്ത് എത്തുന്ന രീതിയിലാണ് പുതിയ ക്രമീകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കൺട്രോൾ റൂം വഴിയുള്ള കൃത്യമായ ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. നേരത്തെ മാനവീയം വീഥി ലഹരി സംഘങ്ങളുടെ താവളമാകുന്നുവെന്നും രാത്രികാലങ്ങളിൽ പൊലീസിന്റെ സാന്നിധ്യം കുറവാണെന്നും ഉള്ള പരാതികൾ വ്യാപകമായി ഉയർന്നിരുന്നു.
രാത്രിയുള്ള തർക്കങ്ങളും കയ്യാങ്കളികളും പ്രദേശത്ത് എത്തുന്നവരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ വിഷയങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചയായതിനെ തുടർന്നാണ് പൊലീസ് അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

