ഖത്തർ ലോകകപ്പിന് തൊട്ടുമുമ്പ് കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് ലോകശ്രദ്ധ നേടിയിരുന്നു. അർജന്റീനിയൻ ഇതിഹാസ താരത്തോടുള്ള മലയാളി ആരാധനയുടെ ആഴം വിളിച്ചോതുന്നതായിരുന്നു ഫിഫയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ അടക്കം ഇടംപിടിച്ച ആ ദൃശ്യം.
എന്നാൽ, ആ ചരിത്ര കട്ടൗട്ടിന് പിന്നിൽ പ്രവർത്തിച്ചവരും നൈനാംവളപ്പിലെ ഫുട്ബോൾ പ്രേമികളും വിങ്ങുന്ന മനസ്സോടെയാണ് ലയണൽ മെസ്സിയുടെ വിരമിക്കൽ വാർത്തയറിഞ്ഞത്. ഈ വേളയിൽ തങ്ങളുടെ പ്രിയതാരത്തെക്കുറിച്ചുള്ള ഓർമ്മകളും വികാരങ്ങളും ആരാധകർ പങ്കുവെക്കുന്നു.
നൗഷീർ പുള്ളാവൂർ പറയുന്നു:
“ഒരു ഫുട്ബോൾ താരത്തെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലാക്കിത്തന്ന പേര്. അർജന്റീന എന്ന രാജ്യത്തെ സ്വന്തം നാടിനെപ്പോലെ നെഞ്ചോട് ചേർക്കാൻ കാരണമായ മനുഷ്യരിൽ മുൻപന്തിയിലുള്ള ഒരാൾ.
വിജയങ്ങളിൽ കണ്ണീരൊഴുക്കാനും തോൽവികളിൽ തകർന്നുപോകാനും എന്നെ പഠിപ്പിച്ച നായകൻ. എത്ര വിമർശനങ്ങൾ..
എത്ര കണ്ണീർ.. എത്ര തോൽവികൾ..
പക്ഷേ അവയെല്ലാം കടന്ന് ഒടുവിൽ ലോകത്തിന്റെ നെറുകയിലേക്ക് അർജന്റീനയെ എത്തിച്ച നായകൻ. കോപ്പ അമേരിക്കയും ഫൈനലിസിമയും ലോകകപ്പും ഉയർത്തിപ്പിടിച്ച ആ നിമിഷങ്ങൾ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമകളായി എന്നും നിലനിൽക്കും.
മെസ്സി, നിങ്ങൾ അർജന്റീന ജഴ്സി അഴിച്ചുവച്ച ദിവസം ഒരു കാലഘട്ടം അവസാനിച്ചു. പക്ഷേ, നിങ്ങൾ ഞങ്ങൾക്ക് നൽകിയ ഓർമകൾക്കും സന്തോഷങ്ങൾക്കും കണ്ണീരുകൾക്കും ഒരിക്കലും വിരമിക്കൽ ഉണ്ടാകില്ല.
ഞങ്ങളുടെ ഹൃദയത്തിൽ നിങ്ങൾ കളിക്കുന്നത് ഒരിക്കലും നിർത്തില്ല. മെസ്സി ഒരു കളിക്കാരൻ മാത്രമല്ല; ഒരു വികാരം കൂടിയാണ്.”
അൻവർ കുറുങ്ങാട്ട് പ്രതികരിച്ചത് ഇങ്ങനെ:
“അത്ഭുതങ്ങളിൽ വിശ്വസിക്കാൻ ഫുട്ബോൾ നമ്മളെ പഠിപ്പിച്ചു; ഏതാണ്ട് 2 പതിറ്റാണ്ടുകാലം ആ മാന്ത്രികൻ അണിഞ്ഞത് 10-ാം നമ്പർ ജഴ്സിയായിരുന്നു.
നിങ്ങളെ കാണുക എന്നത് വെറും ഗോളുകളോ ട്രോഫികളോ കാണുക എന്നതായിരുന്നില്ല; മറിച്ച്, ഒരു കളി എങ്ങനെ ആസ്വദിക്കപ്പെടണമോ അത്തരത്തിൽ അത് കാഴ്ചക്കരിലേക്ക് എത്തിച്ചു. അസാധ്യമായ കാര്യങ്ങളെപ്പോലും അനായാസമായി സാധ്യമാക്കിയതിനും ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളെ തോളിലേറ്റിയതിനും ഒരിക്കലും അവസാനിക്കാത്ത ഒരു ബാല്യം ഞങ്ങൾക്ക് സമ്മാനിച്ചതിനും നന്ദി.
ബൂട്ടുകൾ അഴിച്ചുവയ്ക്കുമ്പോഴും, കളിക്കളത്തിൽ നിങ്ങൾ തീർത്ത കാവ്യാത്മകമായ മുദ്രകൾ എന്നെന്നും നിലനിൽക്കും. ഗ്രാസിയാസ്, ലിയോ.”
നൈനാംവളപ്പ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സുബൈർ നൈനാംവളപ്പ് തന്റെ അനുഭവം പങ്കുവെച്ചു:
“ലയണൽ മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം ഞെട്ടിച്ചു.
ഒരു പന്ത് നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന ശൂന്യത പോലെയാണ് മെസ്സിയുടെ വിരമിക്കൽ ഫുട്ബോൾ പ്രേമികൾക്ക് അനുഭവപ്പെടുക. ഫുട്ബോൾ നിലനിൽക്കുന്നിടത്തോളം കാലം ലയണൽ മെസ്സിയുടെ പേര് ലോകം ഓർക്കും.
അടുത്ത കോപ്പ അമേരിക്ക വരെ മെസ്സി തുടരുമെന്നാണ് പ്രതീക്ഷിച്ചത്. തന്റെ രാജ്യത്തിന് എല്ലാ മേജർ ടൂർണമെന്റുകളും നേടികൊടുത്തും ഫുട്ബോളിലെ വ്യക്തിഗത നേട്ടങ്ങളൊക്കെയും സ്വന്തമാക്കിയാണ് മെസ്സി നീല കുപ്പായം അഴിക്കുന്നത്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

