പത്തനംതിട്ട ജില്ലയിൽ രാത്രിയിലും ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. നിലവിൽ മലയോര മേഖലകളിൽ ജാഗ്രതാ അനൗൺസ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.
കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മിന്നൽ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കക്കട്ടാറിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിരുന്നു. അന്നത്തെ മഴയിൽ റാന്നി ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിലായിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നദീതീരങ്ങളിൽ കഴിയുന്നവരും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിൽക്കുന്ന തീരദേശ ന്യൂനമർദ്ദപാത്തിയാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണം.
മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

