അറ്റ്ലാന്റ വേദിയായ ഫിഫ ലോകകപ്പ് 2026 റൗണ്ട് ഓഫ് 32 മത്സരത്തില്‍, ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സെനഗലിനെ പരാജയപ്പെടുത്തി ബെല്‍ജിയം പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. 3-2 എന്ന സ്കോറിനാണ് ബെല്‍ജിയം വിജയം സ്വന്തമാക്കിയത്.
നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരത്തില്‍, അധിക സമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് ബെല്‍ജിയം വിജയത്തിലേക്ക് കുതിച്ചത്. യൂറി ടൈലെമാന്‍സ് നേടിയ രണ്ട് ഗോളുകളും റൊമേലു ലുക്കാക്കു നേടിയ ഒരു ഗോളുമാണ് ബെല്‍ജിയത്തിന്റെ വിജയത്തിന് അടിത്തറ പാകിയത്.
സെനഗലിനായി ഹബീബ് ഡിയാറ, ഇസ്മായില സാര്‍ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. തുടക്കത്തില്‍ 2-0 എന്ന സ്കോറിന് ലീഡ് നിലനിര്‍ത്തിയ ശേഷമാണ് സെനഗല്‍ പരാജയം വഴങ്ങിയത്.
മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ഹബീബ് ഡിയാറയിലൂടെ സെനഗല്‍ ആദ്യ ഗോൾ നേടി. ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കുര്ട്ടോവയുടെ മികച്ച ഇടപെടലിന് ശേഷം പന്ത് ലഭിച്ച ഡിയാറ അനായാസം വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 51-ാം മിനിറ്റില്‍ സാദിയോ സാനെയുടെ പാസ് സ്വീകരിച്ച് ഇസ്മായില സാര്‍ ഉതിർത്ത പവര്‍ ഷോട്ടിലൂടെ സെനഗല്‍ ലീഡ് ഇരട്ടിയാക്കി. മത്സരം കൈവിട്ടു എന്ന് കരുതിയ ഘട്ടത്തില്‍ 86-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെ ബെല്‍ജിയം ആദ്യ ഗോൾ മടക്കി.
മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം യൂറി ടൈലെമാന്‍സ് സ്കോർ ചെയ്തതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഒടുവിൽ, അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി യൂറി ടൈലെമാന്‍സ് ഗോളാക്കി മാറ്റിയതോടെ ബെല്‍ജിയം വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ പ്രീ-ക്വാര്‍ട്ടറിലെത്തിയ ബെല്‍ജിയം, അമേരിക്കയും ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിനയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

