കസ്റ്റഡി മർദനമുൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനായ മധുബാബുവിന് സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവിറക്കി. നിലവിൽ ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ, കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകാൻ ശുപാർശ നൽകിയിരുന്നത്. കോടതി ശിക്ഷയും ആരോപണങ്ങളും
കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് മധുബാബുവിനെതിരെ കാലങ്ങളായി ഉയർന്നിട്ടുള്ളത്.
2006 ഓഗസ്റ്റ് അഞ്ചിന് ചേർത്തല എസ്ഐ ആയിരിക്കെ, പള്ളിപ്പുറം നികർത്തിൽ സിദ്ധാർഥൻ എന്നയാളെ കസ്റ്റഡിയിലെടുത്ത് നഗ്നനാക്കി മർദിക്കുകയും ശരീരത്തിൽ ചൊറിയണം തേക്കുകയും ചെയ്ത കേസിൽ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിൽ 2024 ഡിസംബറിൽ ചേർത്തല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) മധുബാബുവിന് ഒരു മാസം തടവും 1000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
ഉയരുന്ന പ്രതിഷേധങ്ങൾ
മധുബാബുവിന് സ്ഥാനക്കയറ്റം നൽകിയ സർക്കാർ തീരുമാനത്തിനെതിരെ പത്തനംതിട്ടയിലെ എസ്എഫ്ഐ മുൻ നേതാവായ ജയകൃഷ്ണൻ തണ്ണിത്തോട് രംഗത്തെത്തി. താൻ എസ്എഫ്ഐ നേതാവായിരുന്ന കാലത്ത് മധുബാബു തന്നെ ക്രൂരമായ മൂന്നാംമുറയ്ക്ക് വിധേയനാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
മധുബാബു നിരവധി പേരെ ദ്രോഹിച്ചിട്ടുണ്ടെന്നും, ഇത്തരമൊരു പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയുള്ള തസ്തികയിൽ നിയമിക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നും ജയകൃഷ്ണൻ ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും, ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ നിരവധി സ്വകാര്യ അന്യായങ്ങൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

