ഐപിഎൽ 2026 സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിയാതെ പോയ ചെന്നൈ സൂപ്പർ കിങ്സിന് വരും വർഷങ്ങളിൽ ടീം നിർമ്മാണത്തിലും ലേല നടപടികളിലും അടിമുടി മാറ്റങ്ങൾ ആവശ്യമാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു. സീസണിലുടനീളം നിറംമങ്ങിയ പ്രകടനം കാഴ്ചവെച്ച ടീം, 16 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് മാത്രം നേടി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും, സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ചുരുക്കം ചില താരങ്ങളുടെ പ്രകടനം ആരാധകർക്ക് ആശ്വാസമായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ടീമിന്റെ പ്രകടനത്തെ വിശകലനം ചെയ്യവെയാണ് അശ്വിൻ ഇക്കാര്യം വ്യക്തമാക്കിയത്.
സഞ്ജു സാംസൺ, അകീൽ ഹൊസൈൻ, അൻഷുൽ കംബോജ് എന്നിവരുടെ പോരാട്ടവീര്യത്തെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ടീം മാനേജ്മെന്റിന്റെ ലേല തന്ത്രങ്ങളെ വിമർശിച്ചുകൊണ്ട് അശ്വിൻ ഇങ്ങനെ പറഞ്ഞു: ”സിഎസ്കെ തങ്ങളുടെ ലേല തന്ത്രങ്ങൾ മാറ്റിയെഴുതേണ്ടതുണ്ട്.
വെങ്കിടേഷ് അയ്യർ, ജേസൺ ഹോൾഡർ എന്നിവരെ 7 കോടി രൂപയ്ക്ക് വീതം ടീമിലെത്തിച്ച രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലിൽ എത്തിയത്. 14 കോടി രൂപ നൽകി ഒരു കളിക്കാരനെ വാങ്ങുന്നതിന് പകരം, യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇത്തരം താരങ്ങളെയായിരുന്നു ചെന്നൈ ലക്ഷ്യമിടേണ്ടിയിരുന്നത്.
ടീമെന്ന നിലയിൽ ഒത്തൊരുമയോടെ കളിക്കാൻ അവർക്ക് സാധിച്ചില്ല, ഒപ്പം താരങ്ങളുടെ റോളുകളിൽ വ്യക്തതക്കുറവും ഉണ്ടായിരുന്നു.” നിരന്തരമായ പരിക്കുകളും തെറ്റായ ബാറ്റിംഗ് ഓർഡർ തീരുമാനങ്ങളും ടീമിന് വിനയായെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ഫിനിഷർമാരായി പരീക്ഷിച്ച മാനേജ്മെന്റിന്റെ തീരുമാനം അമ്പേ പരാജയപ്പെട്ടുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
പരിക്കിനെത്തുടർന്ന് 44 വയസ്സുകാരനായ എം.എസ്. ധോണിക്ക് ഈ സീസണിൽ ഒരു മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല.
എങ്കിലും, ടീമിനുള്ളിൽ ധോണി ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് സിഎസ്കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. യുവതാരങ്ങളെ വഴിനയിക്കുന്നതിലും ടീമിന്റെ കെട്ടുറപ്പ് നിലനിർത്തുന്നതിലും ധോണിയുടെ സാന്നിധ്യം വലിയ മുതൽക്കൂട്ടായിരുന്നുവെന്നും ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

