സംസ്ഥാനത്തെ സ്വർണ്ണ വ്യാപാര മേഖല നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. വരാനിരിക്കുന്ന ബജറ്റിൽ സ്വർണ്ണ വ്യാപാരത്തിന് സഹായകമായ തീരുമാനങ്ങൾ ഉൾപ്പെടുത്തണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
മറ്റ് പല സംസ്ഥാനങ്ങളിലും വാറ്റ് (VAT) കുടിശികകൾ എഴുതിത്തള്ളിയ മാതൃകയിൽ, കേരളത്തിലെ സ്വർണ്ണ വ്യാപാരികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന വാറ്റ് കുടിശികകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇതിനു പുറമെ, സംസ്ഥാനത്തുടനീളം ഫോൺ നമ്പറുകൾ മാത്രം പ്രദർശിപ്പിച്ചുകൊണ്ടുള്ള സമാന്തര സ്വർണ്ണ വ്യാപാരം വ്യാപകമാകുന്നതിനെതിരെയും സംഘടന ആശങ്ക രേഖപ്പെടുത്തി.
പരമ്പരാഗത സ്വർണ്ണ വ്യാപാര മേഖലയെക്കാൾ വലിയ തോതിൽ സമാന്തര വ്യാപാരം നടക്കുന്നുണ്ടെന്നും, ജിഎസ്ടി ഉദ്യോഗസ്ഥർ നിയമാനുസൃതമായി പ്രവർത്തിക്കുന്ന വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് പരിശോധനകൾ നടത്തുമ്പോൾ സമാന്തര മേഖലയെ നിയന്ത്രിക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. നിലവിൽ എച്ച്യുഐഡി (HUID) സംവിധാനത്തിലൂടെ സ്വർണം വാങ്ങുന്ന ഉപഭോക്താവിന് കൃത്യമായ ട്രാക്കിങ് സൗകര്യം ലഭ്യമാണ്.
അതിനാൽ ജിഎസ്ടി റജിസ്ട്രേഷൻ എടുത്ത വ്യാപാരികളിൽ നിന്നും നികുതി ചോർച്ച ഉണ്ടാകുന്നില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ വിഷയങ്ങൾ പരിഗണിച്ച് വരാനിരിക്കുന്ന ബജറ്റിൽ അനുയോജ്യമായ പ്രഖ്യാപനങ്ങൾ നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ, ട്രഷറർ സി.വി.കൃഷ്ണദാസ് എന്നിവർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

