തെരുവിൽ അനാഥരായി കഴിയുന്ന രോഗികളെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിക്കുമ്പോൾ അവർക്കായി പ്രത്യേക വാർഡും പരിചരണത്തിന് ആവശ്യമായ അനുമതിയും ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. വിഷയത്തിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് അടിയന്തര വിശദീകരണം തേടിയിരിക്കുകയാണ്. ജില്ലാ മെഡിക്കൽ ഓഫിസർ, ബീച്ച് ആശുപത്രി സൂപ്രണ്ട് എന്നിവരോട് പരാതിയിൽ അടിയന്തരമായി പരിശോധന നടത്തി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പരാതിയിൽ പറയുന്ന കാര്യങ്ങൾ ജൂൺ 23-ന് കോഴിക്കോട് പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കമ്മിഷൻ പരിഗണിക്കും. ടിഎംകെ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എം.എ.ജലീൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
2020 മുതൽ ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളുടെ സംഘടനയ്ക്ക് ആശുപത്രി അധികൃതരിൽ നിന്ന് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ എത്തിക്കുന്ന രോഗികൾക്ക് കൃത്യമായ പ്രാഥമിക ശുശ്രൂഷയോ പരിചരണമോ ലഭിക്കുന്നില്ലെന്നും, രോഗികളെ സന്ദർശിക്കാനോ ഭക്ഷണം നൽകാനോ ട്രസ്റ്റ് പ്രവർത്തകരെ അനുവദിക്കുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ജില്ലാ കലക്ടർ, ലീഗൽ സർവീസസ് അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് മുൻപ് നൽകിയ പരാതികൾ പരിഗണിക്കപ്പെട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു. ജില്ലാ കലക്ടറുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം രോഗികളുടെ പരിചരണത്തിനായി രണ്ട് ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

