നവകേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, പല സുപ്രധാന നാഴികക്കല്ലുകളിലും രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും മാതൃകയാകാൻ നമ്മുടെ നാടിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള ചില ചരിത്രപ്രധാനമായ നേട്ടങ്ങളിലൂടെ…
സാക്ഷരതയിലെ പെരുമ
വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും പാതയിൽ എന്നും മുൻപന്തിയിലായിരുന്നു കേരളം.
രാജ്യത്തെ ആദ്യ സമ്പൂർണ സാക്ഷരതാ സംസ്ഥാനമെന്ന ചരിത്രനേട്ടമാണ് കേരളം സ്വന്തമാക്കിയത്. 1991 ഏപ്രിൽ 18-ന് കേരളം സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.
സാക്ഷരതാ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘അക്ഷരകേരളം’ പദ്ധതിയാണ് ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിർത്തി നവസാക്ഷരയായ ചേലക്കോടൻ ആയിഷയാണ് ഈ പ്രഖ്യാപനം നിർവഹിച്ചത്.
ഈ മുന്നേറ്റത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ 1989 ജൂൺ 25-ന് കോട്ടയം രാജ്യത്തെ നൂറുശതമാനം സാക്ഷരത കൈവരിച്ച ആദ്യ നഗരസഭയായി മാറി. ഈ മാതൃക പിന്തുടർന്ന് 1990 ഫെബ്രുവരി നാലിന് എറണാകുളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷര ജില്ലയായും പ്രഖ്യാപിക്കപ്പെട്ടു.
ക്രിക്കറ്റിലെ ആദ്യ ഏകദിന മാതൃക
രാജ്യാന്തര ഏകദിന ക്രിക്കറ്റിന്റെ ഔദ്യോഗിക തുടക്കം 1971 ജനുവരി അഞ്ചിന് ഓസ്ട്രേലിയയിലെ മെൽബണിൽ ആയിരുന്നുവെങ്കിലും, അതിന്റെ ആദ്യ രൂപം പിറന്നത് നമ്മുടെ കേരളത്തിലാണ്. തൃപ്പൂണിത്തുറയിൽ നടന്ന ‘പൂജാ നോക്കൗട്ട് ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടൂർണമെന്റ്’ എന്ന പേരിലാണ് പരിമിത ഓവർ ക്രിക്കറ്റ് ആദ്യം അരങ്ങേറിയത്.
ഇതോടെ തൃപ്പൂണിത്തുറയും അവിടുത്തെ ഓട്ടോളിപ്പറമ്പും ലോക ക്രിക്കറ്റ് ഭൂപടത്തിൽ ഇടംപിടിച്ചു. പിന്നീട് ഓട്ടോളിപ്പറമ്പ് ‘പാലസ് ഓവൽ’ ആയി മാറി.
1950-ൽ തൃപ്പൂണിത്തുറ പ്രിൻസസ് ക്ലബിന്റെ എക്സിക്യൂട്ടീവ് യോഗത്തിൽ കൊച്ചി രാജകുടുംബാംഗമായ കെ.
വി. കേളപ്പൻ തമ്പുരാൻ മുന്നോട്ടുവെച്ച ആശയമാണ് ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് അടിത്തറയായത്.
പ്രിൻസ് ക്ലബ് പിന്നീട് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് (ടിസിസി) എന്ന് പേരുമാറി. രവിയച്ചൻ, കെ.കെ.ആർ.
വർമ, ആർ.ആർ.വർമ, കെ.ടി.ആർ.വർമ എന്നിവരും ഈ ആശയത്തിന് പിന്തുണ നൽകിയതോടെ ലോകത്തിലെ ആദ്യ ഏകദിന ടൂർണമെന്റ് യാഥാർത്ഥ്യമായി. 1951-ൽ ആദ്യ പൂജാ ടൂർണമെന്റ് അരങ്ങേറി.
ആതിഥേയരായ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബും കോട്ടയം ക്രിക്കറ്റ് ക്ലബും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ആതിഥേയർ വിജയം കണ്ടു. 1959 മുതൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ടീമുകളും ടൂർണമെന്റിൽ പങ്കെടുത്തു തുടങ്ങി.
തുടർന്ന് 1970-ൽ ബിസിസിഐ ഇതിന് ഔദ്യോഗിക അംഗീകാരം നൽകി. രാജ്യത്തെ ആദ്യ പെൺപള്ളിക്കൂടം
ഇന്ത്യയിൽ സ്ത്രീകൾക്കായി വിദ്യാഭ്യാസത്തിന്റെ വാതിലുകൾ ആദ്യമായി തുറന്നുകൊടുത്തത് കേരളമാണ്.
1820-ൽ കോട്ടയത്ത് മിസിസ് ഹെൻറി ബേക്കർ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ത്യയിലെ ആദ്യ പെൺപള്ളിക്കൂടം എന്ന ചരിത്രപരമായ നേട്ടത്തിന് ഉടമയായത്. പന്ത്രണ്ടു വയസ്സിനു താഴെയുള്ള ആറ് കുട്ടികളുമായി ബേക്കർ ബംഗ്ലാവിലെ ഒരു ചെറിയ മുറിയിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.
കാലക്രമേണ വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചതിനെ തുടർന്ന് 1903-ൽ സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പിന്നീട് ‘മിസ് ബേക്കർ സ്കൂൾ’ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യുകയും ചെയ്തു. സിനിമയിലെ ത്രിഡി വിസ്മയം
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ആദ്യ 3D ചിത്രം സമ്മാനിച്ചത് മലയാള സിനിമയാണ്.
1984 ഓഗസ്റ്റ് 24-ന് റിലീസ് ചെയ്ത ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചലച്ചിത്രമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. നവോദയ അപ്പച്ചൻ നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൻ ജിജോ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ജനപ്രീതി നേടി.
ആ വർഷത്തെ മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. പിന്നീട് 1998-ൽ ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയപ്പോൾ ഡിടിഎസ് (DTS) സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി മലയാളത്തിൽ മറ്റൊരു പുതിയ പരീക്ഷണവും അണിയറപ്രവർത്തകർ വിജയകരമായി നടപ്പിലാക്കി.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലെ വിമാനത്താവളം
കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം (സിയാൽ) ഇന്ത്യയിൽ പൊതു-സ്വകാര്യ-ജനകീയ പങ്കാളിത്തത്തോടെ (PPP Model) നിർമ്മിച്ച ആദ്യ വിമാനത്താവളമാണ്. കൂടാതെ, ലോകത്ത് പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളം എന്ന അഭിമാനകരമായ നേട്ടവും സിയാലിന്റെ പേരിലുണ്ട്.
പഴക്കം ചെന്ന മൃഗശാല
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിലൊന്നാണ് തിരുവനന്തപുരം മൃഗശാല. 1853-ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുന്നാൾ ആണ് ഈ ഉദ്യാനം സ്ഥാപിച്ചത്.
ലോക തലത്തിൽ തന്നെ ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള അപൂർവം മൃഗശാലകളിൽ ഒന്നാണിത്. ഇടുക്കിയുടെ അഭിമാന ആർച്ച് ഡാം
ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ഇരട്ടവളയൻ കമാന അണക്കെട്ടാണ് (ആർച്ച് ഡാം) ഇടുക്കിയിലേത്.
കുറവൻ മലയ്ക്കും കുറത്തി മലയ്ക്കും ഇടയിലുള്ള പെരിയാർ നദിയുടെ കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വെള്ളത്തിന്റെ അതിശക്തമായ സമ്മർദ്ദം ഇരുവശങ്ങളിലെയും പാറക്കെട്ടുകളിലേക്ക് കൃത്യമായി വിനിയോഗിക്കുന്ന രീതിയിലാണ് ഈ നിർമ്മിതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
168.91 മീറ്റർ ഉയരമുള്ള ഈ പദ്ധതിക്ക് അന്ന് 11 കോടി രൂപയായിരുന്നു ചെലവ്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയവും ഇടുക്കിയിലെ മൂലമറ്റത്താണ് സ്ഥിതി ചെയ്യുന്നത്.
ആദ്യ ആസൂത്രിത പരിസ്ഥിതി ടൂറിസം
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി വിനോദ സഞ്ചാര പദ്ധതി 2001-ൽ തെന്മലയിൽ ആരംഭിച്ചു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ സ്വാഭാവിക ചിത്രശലഭ സഫാരിയും തെന്മലയുടെ പ്രത്യേകതയാണ്.
ആകാശം തൊട്ട തുമ്പ
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ നാന്ദിയായത് മലയാള മണ്ണിൽ നിന്നാണ്.
1963 നവംബർ 21-ന് തിരുവനന്തപുരം ജില്ലയിലെ തുമ്പയിൽ നിന്ന് അമേരിക്കൻ നിർമ്മിത കാലാവസ്ഥാ നിരീക്ഷണ റോക്കറ്റായ ‘നൈക്ക് അപ്പാഷെ’ വിക്ഷേപിച്ചതോടെ ഇന്ത്യൻ ശാസ്ത്ര ലോകം പുതിയൊരു ചരിത്രമെഴുതി. പള്ളിത്തുറയിലെ വിശുദ്ധ മേരി മഗ്ദലന പള്ളിയുടെ കെട്ടിടത്തിലാണ് ഈ റോക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ബിഷപ്പ് ഹൗസ് ആയിരുന്നു വിക്ഷേപണ കേന്ദ്രത്തിന്റെ ഓഫീസായി പ്രവർത്തിച്ചത്. ഭൂമിയുടെ കാന്തിക മധ്യരേഖ തുമ്പയിലൂടെ കടന്നുപോകുന്നു എന്നതാണ് ഈ പ്രദേശത്തെ ശാസ്ത്രീയമായി പ്രധാനപ്പെട്ട
സവിശേഷത.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

