ഐടി ജീവനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടെക്നോപാർക്ക് ജീവനക്കാരും റെയിൽവേ വികസനസമിതിയുമാണ് ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
റെയിൽവേ വികസനസമിതിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കോട്ടയം വഴി പോകുന്ന ഏതാനും ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിച്ചിരുന്നു. എങ്കിലും, ആലപ്പുഴ വഴി സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾക്ക് ഇനിയും ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടില്ലാത്തത് യാത്രാക്ലേശം രൂക്ഷമാക്കുന്നുണ്ട്.
തിരുവനന്തപുരം – ഗുരുവായൂർ ഇന്റർസിറ്റി, തിരുവനന്തപുരം മംഗളൂരു മാവേലി എക്സ്പ്രസ്, കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്, തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എന്നീ പ്രധാന ദീർഘദൂര ട്രെയിനുകൾക്ക് കഴക്കൂട്ടത്ത് സ്റ്റോപ് വേണമെന്നാണ് റെയിൽവേ വികസന സമിതിയും ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജർ ഉൾപ്പെടെയുള്ള അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതുവരെയും അനുകൂല നടപടികൾ ഉണ്ടായിട്ടില്ല.
പ്രത്യേകിച്ച് വെള്ളിയാഴ്ചകളിൽ വൈകുന്നേരങ്ങളിൽ ടെക്നോപാർക്ക് ജീവനക്കാർ സ്വന്തം നാടുകളിലേക്ക് യാത്ര തിരിക്കുന്നതിനാൽ കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കന്യാകുമാരിയിൽ നിന്നു പുനലൂർ വരെയുള്ള പാസഞ്ചർ ട്രെയിൻ വൈകുന്നേരം കഴക്കൂട്ടത്ത് എത്തുമ്പോൾ ഇതിൽ കയറാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
അവധി കഴിഞ്ഞ് തിരികെ എത്തുന്ന ഐടി ജീവനക്കാർ പല പ്രധാന ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ് ഇല്ലാത്തതിനാൽ തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ) റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് കഴക്കൂട്ടത്ത് എത്തിച്ചേരുന്നത്. ഈ സാഹചര്യത്തിൽ യാത്രാ ദുരിതത്തിന് പരിഹാരമായി കൂടുതൽ ട്രെയിനുകൾക്ക് അടിയന്തരമായി കഴക്കൂട്ടത്ത് സ്റ്റോപ് അനുവദിക്കണമെന്നാണ് ഐടി ജീവനക്കാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

