യാംബു: സൗദി അറേബ്യയിലെ യാംബുവിൽ എട്ടു മാസമായി വേതനവും ജോലിയുമില്ലാതെ ഇരുന്നൂറിലധികം തൊഴിലാളികൾ ദുരിതത്തിൽ. നൂറിലേറെ ഇന്ത്യക്കാരുള്ള സംഘത്തിൽ എൺപതോളം പേർ മലയാളികളാണ്.
മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾ ഒപ്പുവെച്ച നിവേദനം കമ്പനിയുടെ ഡയറക്ടർ ബോർഡിന് സമർപ്പിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ലെന്ന് അവർ newskerala.net നോട് പറഞ്ഞു.
പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനും തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവർ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് കഴിയുന്നത്.
താമസ വാടക, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകാതെ തൊഴിലാളികൾ വലയുകയാണ്. പലരുടെയും താമസരേഖയുടെയും (ഇഖാമ) മെഡിക്കൽ ഇൻഷുറൻസിന്റെയും കാലാവധി കഴിഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
കമ്പനിയുടെ പ്രവർത്തനം തുടരാൻ സാധിക്കുന്നില്ലെങ്കിൽ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകി തങ്ങളെ നാട്ടിലേക്ക് അയക്കണമെന്ന് തൊഴിലാളികൾ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. 2008 മുതൽ യാംബുവിൽ പ്രവർത്തിക്കുന്ന ‘സോയ’ എന്ന സസ്യ എണ്ണ സംസ്കരണ കമ്പനിയിൽ 450-ഓളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്, ഇതിൽ 150 പേർ ഇന്ത്യക്കാരായിരുന്നു.
ഈ വർഷം ഫെബ്രുവരി വരെ കൃത്യമായി ശമ്പളം നൽകിയിരുന്ന കമ്പനി, മാർച്ചോടെ വേതനം പൂർണ്ണമായി നിർത്തിവെക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം പ്രശ്നം പരിഹരിക്കാമെന്ന് തുടക്കത്തിൽ മാനേജ്മെന്റ് ഉറപ്പുനൽകിയെങ്കിലും പിന്നീട് പ്രതിസന്ധി രൂക്ഷമായി.
ഒടുവിൽ, ജൂലൈ ഒന്നു മുതൽ കമ്പനി അടച്ചുപൂട്ടുകയാണെന്നും ജീവനക്കാർ ജോലിക്ക് വരേണ്ടതില്ലെന്നും അറിയിപ്പ് നൽകി. ഇതോടെ ചില തൊഴിലാളികൾ ശമ്പളമില്ലാത്ത അവധിയിൽ നാട്ടിലേക്ക് മടങ്ങി.
യാംബുവിൽ കുടുങ്ങിയ തൊഴിലാളികളുടെ താമസരേഖയും ഇൻഷുറൻസും കമ്പനി പുതുക്കി നൽകിയിട്ടുമില്ല. ഇന്ത്യൻ എംബസി സൗദി തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട് തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

