ഭാവിയിൽ ശാസ്ത്ര പുരോഗതിയിലൂടെ പുനർജന്മം ലഭിക്കുമെന്ന അവിശ്വാസ്യമായ പ്രതീക്ഷയിൽ, 78 കാരന്റെ മൃതദേഹം സംസ്കരിക്കാതെ 4 വർഷത്തിലേറെയായി ഫ്രീസറിൽ സൂക്ഷിച്ച മകൾ മുംബൈയിൽ പൊലീസ് പിടിയിലായി. മലാഡ് ഈസ്റ്റിലെ സ്വകാര്യ ഡേകെയർ സെന്ററിൽ നിന്നാണു മുതിർന്ന പൗരന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്നു പ്രദേശവാസികൾ നൽകിയ പരാതിയിലാണ് മുംബൈ പൊലീസിന്റെ അടിയന്തര നടപടി ഉണ്ടായത്. 2022ൽ ഹൃദയാഘാതം മൂലം മരണപ്പെട്ട
പിതാവിന്റെ ഭൗതികശരീരം വിദേശ ഏജൻസിയുടെ സഹായത്തോടെയാണ് മകൾ കേടുകൂടാതെ സൂക്ഷിച്ചുപോന്നത്. അതിശീത താപനിലയിൽ അതായത് ഏകദേശം –200 ഡിഗ്രി സെന്റിഗ്രേഡിനോട് അടുത്തു മൃതദേഹങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്ന ‘ക്രയോണിക്സ്’ എന്ന രീതിയാണ് ഇവർ പരീക്ഷിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇതിനായി പ്രതിമാസം 1.6 ലക്ഷം രൂപയാണു ക്രയോണിക്സ് ഏജൻസിക്കും മൃതദേഹം സൂക്ഷിച്ചിരുന്ന കേന്ദ്രത്തിനുമായി നൽകിയിരുന്നത്. ഇന്റർനെറ്റിലൂടെ ഈ പ്രത്യേക രീതിയെക്കുറിച്ച് പഠിച്ച ഇവർ, മൃതദേഹം യുഎസിലുള്ള കേന്ദ്രത്തിലേക്ക് നിയമപരമായ മാർയിലൂടെ മാറ്റാനും ശ്രമങ്ങൾ നടത്തിയിരുന്നു.

