സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്ലൈഓവർ നിർമാണം, പുതിയ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള റോഡ് വികസന പദ്ധതികൾ ശാസ്ത്രീയമായി പഠിച്ച് മുൻഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകിയതായി മന്ത്രി പി .കെ. ബഷീർ അറിയിച്ചു.
നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. നിലവിലുള്ള റോഡ്-പാലം ശൃംഖല സമഗ്രമായി വിലയിരുത്തി ആവശ്യമായ നവീകരണ, മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവയ്ക്ക് മുൻഗണന നിശ്ചയിക്കുകയും ചെയ്യും.
ജംഗ്ഷനുകൾ, ഫ്ലൈ ഓവർ, ബൈപാസ് പദ്ധതികളുടെ സമഗ്ര പട്ടികയും പ്രവർത്തന മാതൃകയും തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. എ ഷാജഹാൻ ചെയർമാനും പി.ഡബ്ല്യുഡി അഡീഷണൽ സെക്രട്ടറി വി ആർ വിനോദ് കൺവീനറുമായ സമിതിയിൽ പി.ഡബ്ല്യുഡിയിലെ റോഡ്സ്, ബ്രിഡ്ജസ്, ഡിസൈൻ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയർമാർ, കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് മാനേജിങ് ഡയറക്ടർ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിങ് വിഭാഗം എന്നിവയുടെ പ്രതിനിധികളും ഉണ്ടാകും.
പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ജംഗ്ഷൻ ഇംപ്രൂവ്മെന്റ്, ഫ്ലൈഓവർ, പുതിയ ബൈപ്പാസ്, റോഡ് വീതി കൂട്ടൽ തുടങ്ങിയ വികസന സാധ്യത സമിതി പഠനവിധേയമാക്കും. ഗതാഗത ആവശ്യകത, നിലവിലെ റോഡുകളുടെ ശേഷി, കണക്റ്റിവിറ്റി, ഭാവിയിലെ നഗരവികസനം, ഘടനാപരമായ സുരക്ഷ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കും പദ്ധതികൾക്ക് മുൻഗണന നിശ്ചയിക്കുക.
ഇത് സംബന്ധിച്ച് ആവശ്യമായ പഠനങ്ങളും റിപ്പോർട്ടുകളും പരിശോധിച്ച ശേഷമായിരിക്കും അന്തിമ ശിപാർശ തയ്യാറാക്കുക. പദ്ധതികളെ വലുത്, ഇടത്തരം, ചെറുത് എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളും കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി കൂടിയാലോചിച്ച് നിശ്ചയിക്കും.
റോഡ് സുരക്ഷാ പ്രവർത്തനങ്ങൾക്കും സമിതി പ്രത്യേക പ്രാധാന്യം നൽകും. പ്രധാന റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ പ്രത്യേകം ശേഖരിച്ച് പട്ടിക തയ്യാറാക്കും.
കാൽനടയാത്രക്കാരുടെ സുരക്ഷയും പ്രധാന പരിഗണനയാകും. റോഡ് ഫർണിച്ചർ, അവയുടെ പരിപാലനം, റോഡുകളുടെ സൗന്ദര്യവൽക്കരണം എന്നിവ സംബന്ധിച്ചും സമിതി ശിപാർശ നൽകും.
സമിതി പ്രവർത്തനം തുടങ്ങി രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ സാങ്കേതിക, ഭരണപര നടപടികൾ പൂർത്തിയാക്കിയ ശേഷം തിരിച്ചറിയുന്ന പദ്ധതികൾ കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്ത് നടപ്പാക്കും.
പദ്ധതി തയ്യാറാക്കൽ, അംഗീകാരം, നിർവഹണം, നിരീക്ഷണം തുടങ്ങിയ തുടർനടപടികൾ കേരള റോഡ് ഫണ്ട് ബോർഡ് ഏകോപിപ്പിക്കും. സമിതിയുടെ പ്രവർത്തനങ്ങൾക്ക് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായം നൽകും.
സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് സർക്കാർ പരിശോധിച്ച ശേഷമായിരിക്കും പദ്ധതികളിൽ തുടർനടപടി സ്വീകരിക്കുക. ഓരോ റോഡ് വികസന പദ്ധതിയും പ്രത്യേകം പരിഗണിക്കുന്നതിന് പകരം ജംഗ്ഷൻ വികസനം, ഫ്ലൈഓവർ, ബൈപ്പാസ് തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടെ ഗതാഗത ആവശ്യകത, സുരക്ഷ, കണക്റ്റിവിറ്റി, ഭാവി വികസനം എന്നിവ അടിസ്ഥാനമാക്കി പത്ത് വർഷത്തെ മുൻഗണനാ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾക്കാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

